ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരിയുടേതായി പുറത്തിറങ്ങിയ രാമായണ സിനിമയുടെ ആദ്യ ഗ്ലിംപ്സ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു. 800 കോടിയിലധികം മുടക്കുമുതലുളള ചിത്രം ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിക്കുകയെന്നാണ് ടീസറിൽ നിന്നും ലഭിച്ച സൂചന. ബ്രഹ്മാണ്ഡ ചിത്രത്തിൽ രാമനും രാവണനുമായി രൺബീറും യഷും എത്തുമ്പോൾ സീതയെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്. രണ്ട് ഭാഗങ്ങളിലായിട്ട് രാമായണ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. രാമായണ ഗ്ലിംപ്സ് പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിൽ സീതയായി എത്തുന്ന സായി പല്ലവിക്ക് നേരെ വിമർശനങ്ങളുണ്ടായത്.
സായി പല്ലവി സീതയാകാൻ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സിനിമയിലെ ആകെ നെഗറ്റീവ് സായി പല്ലവിയുടെ വേഷമാണെന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. സീതയായി സായി പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായി പല്ലവിക്കില്ല എന്നിങ്ങനെയാണ് മറ്റു സോഷ്യൽ മീഡിയ കമൻറുകൾ. സായിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നുവെന്നും, കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ അതേസമയം തന്നെ നടിയെ പിന്തുണച്ചും ചിലർ രംഗത്തെത്തി. വിമർശിക്കുന്നവർ ശ്യാം സിംഘ റോയി ചിത്രത്തിലെ നടിയുടെ പ്രകടനം കണ്ടുനോക്കണം എന്ന് ഒരാൾ കമന്റിട്ടു.
Read more
രാമായണ സിനിമ പ്രഖ്യാപിച്ച സമയം മുതൽക്കുതന്നെ പ്രേക്ഷകരിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് വന്നത്. അതേസമയം രാമായണ സിനിമയുടെ ടീസറിന് പിന്നാലെ സായി പല്ലവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവർക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാൻ എനിക്കും കഴിഞ്ഞു’ എന്ന് സായി കുറിച്ചു.