ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഏകദിനത്തിന് രണ്ട് പുതിയ പന്തുകൾ വേണമെന്ന നിയമം പിൻവലിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെട്ടു. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മോശം കാര്യമാണ് നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫീൽഡ് നിയന്ത്രണങ്ങൾക്കൊപ്പം രണ്ട് പുതിയ ബോൾ നിയമവും ഫിംഗർ സ്പിന്നർമാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. യൂട്യൂബ് ചാനലിൽ രവിചന്ദ്രൻ അശ്വിനോട് സംസാരിച്ച 42 കാരനായ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വൈറ്റ്-ബോൾ ക്രിക്കറ്റിൽ സംഭവിച്ച ഏറ്റവും മോശമായ കാര്യം രണ്ട് പുതിയ പന്തുകളുടെ അവതരണമാണ്. ഞാൻ അത് പറയാൻ കാരണം ഫിംഗർ സ്പിന്നര്മാര്ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ് ഇത്. അവർക്ക് യാതൊരു ആധിപത്യവും ഇത് നൽകുന്നില്ല”

“എൻ്റെ അഭിപ്രായത്തിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണിത്. നിങ്ങൾ എൻ്റെ അടുത്ത് ഇരിക്കുന്നത് കൊണ്ടല്ല പറയുന്നത്. ഞാൻ സ്റ്റാർ സ്‌പോർട്‌സിൽ ഇത് പറഞ്ഞിട്ടുണ്ട്. മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. ”

കളി കൂടുതൽ കൂടുതൽ ബാറ്റർ ഫ്രണ്ട്‌ലി ആകുന്നതോടെ ഫിംഗർ സ്‌പിന്നിംഗ് വൈകാതെ മറന്നുപോയ കലയായി മാറുമെന്ന് ഗംഭീർ കണക്കുകൂട്ടി: “നിങ്ങൾ 20-ാം ഓവർ ബൗൾ ചെയ്യുകയാണെങ്കിൽ, അക്ഷരാർത്ഥത്തിൽ നിങ്ങൾ പന്തെറിയുന്നത് 10 ഓവർ പുതിയ പന്ത്, അകത്ത് അഞ്ച് ഫീൽഡർമാർ, ഫ്ലാറ്റ് ട്രാക്കിൽ, വലിയ ബാറ്റുകൾ, പവർ ഹിറ്റർമാർ, ചെറിയ ബൗണ്ടറികൾ എന്നിവ ഉപയോഗിച്ചാണ്. ” ഗംഭീർ പറഞ്ഞു.