പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

വീട്ടില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കൃത്രിമം കാണിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് അന്നൂരിലെ ബിജെപി നേതാവ് വിജയകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി ബദ്രി നാരായണന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

18.5 ലക്ഷം രൂപയാണ് വിജയകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. എന്നാല്‍ ഇയാള്‍ ഒന്നരക്കോടി രൂപ മോഷണം പോയെന്ന് കാട്ടി പരാതി നല്‍കി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്. ഒന്നരക്കോടി രൂപയും ഒന്‍പത് പവന്‍ സ്വര്‍ണവും 200ഗ്രാം വെള്ളിയും മോഷണം പോയതായാണ് ഇയാള്‍ നല്‍കിയ പരാതി.

വിജയകുമാറിന്റെ പരാതിയില്‍ കേസ് അന്വേഷണം ആരംഭിച്ച പൊലീസ് തിരുവാരൂര്‍ സ്വദേശി അന്‍പരശനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 18.5 ലക്ഷം രൂപയാണ് മോഷ്ടിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്‍ നല്‍കിയ പരാതിയിലെ കള്ളം പൊളിഞ്ഞത്.

Read more

ഇതേ കുറിച്ച് വിജയകുമാറിനോട് ചോദിച്ചതോടെയാണ് പൊലീസിന് കാര്യങ്ങള്‍ വ്യക്തമായത്. അന്വേഷണം വേഗത്തിലാക്കാനാണ് താന്‍ തുക ഉയര്‍ത്തി പരാതി നല്‍കിയതെന്ന് വിജയകുമാര്‍ പറഞ്ഞു. അന്‍പരശനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പരാതിക്കാരനെതിരെയും കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.