ഉപാധ്യായയുടെ ഏകാത്മ മാനവികതയുടെ കേന്ദ്ര തത്വങ്ങളിലൊന്ന് എല്ലാ സമുദായങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ‘ഉള്‍ക്കൊള്ളല്‍ സമൂഹ’ത്തി(inclusive society)ന്റെ സൃഷ്ടിയാണെന്നാണ് വെപ്പ്. അത്തരമൊരു തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയും ഇതര സംഘപരിവാരങ്ങളും ബാബറി മസ്ജിദ് തകര്‍ത്തതുതൊട്ട് ഗുജറാത്ത് കലാപവും കന്ധമാല്‍ കൂട്ടക്കൊലയും അടക്കമുള്ള എണ്ണമറ്റ കലാപങ്ങള്‍ അഴിച്ചുവിടാന്‍ നേതൃത്വം നല്‍കിയതെന്തുകൊണ്ട് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ ഉപാധ്യായയിലേക്ക് തന്നെ തിരിഞ്ഞുനോക്കിയാല്‍ മതിയാകും. മതാതീതമെന്ന് അവകാശപ്പെടുന്ന ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞും തെളിഞ്ഞും നിലയുറപ്പിച്ചിരിക്കുന്ന പ്രായോഗിക ബ്രാഹ്‌മണിക്കല്‍ ഹിന്ദുമത മൂല്യങ്ങള്‍ അവിടെ കണ്ടെത്താന്‍ പ്രയാസമില്ല.
ഏകാത്മ മാനവവാദത്തിന്റെ സിദ്ധാന്ത രൂപീകരണത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ തന്റെ മുംബൈ പ്രഭാഷണ പരമ്പരയില്‍ മക് ഡഗ്ഗലിനെ ഉദ്ധരിക്കുന്നതായി കാണാം. ഉപാധ്യായ തന്റെ സൈദ്ധാന്തിക പിന്തുണയ്ക്കായ് കൂട്ടുപിടിക്കുന്ന അമേരിക്കന്‍ ചിന്തകന്‍ വില്യം മക്ഡഗ്ഗല്‍ (William McDuggal) ഒരു കടുത്ത വര്‍ണ്ണവെറിയനാണെന്നത് ഒട്ടും യാദൃശ്ചികമല്ലെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ആഫ്രോ-അമേരിക്കന്‍ വംശജരെക്കുറിച്ചുള്ള മക്ഡഗ്ഗലിന്റെ ചിന്തകള്‍ ഉപാധ്യായയുടെ ആചാര്യന്‍ മനുവില്‍ നിന്നും ഒട്ടുംഭിന്നമല്ലെന്നതും അത്രതന്നെ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ആര്‍എസ്സ്എസ്സ് മുതല്‍ക്കിങ്ങോട്ടുള്ള സകല സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തന-പ്രത്യയശാസ്ത്ര വഴികള്‍ വിഭജനത്തിന്റെയും വിഭാഗീയതയുടെയും പാതകളിലൂടെയായതെന്തുകൊണ്ടെന്ന് കണ്ടെത്തുക പ്രയാസമില്ല. രാജ്യത്ത് നാളിതുവരെ നടന്ന ഏതൊരു വര്‍ഗ്ഗീയ കലാപങ്ങളിലെയും ഒന്നാം കക്ഷിയായി സംഘപരിവാര്‍ സംഘടനകളെ കാണാന്‍ കഴിയുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ. എല്ലാ തരത്തിലുമുള്ള സാമൂഹിക വിഭജനങ്ങളെയും മതപരമായ തലങ്ങളിലേക്ക് വളര്‍ത്തിയതിന് പിന്നിലെ സുപ്രധാന ശക്തികള്‍ അവരാണ്. വര്‍ഗീയ കലാപങ്ങള്‍, മത സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വാചാടോപങ്ങള്‍ എന്നിവയാണ് സംഘപരിവാര്‍ അജണ്ടയുടെ കേന്ദ്ര ബിന്ദു.
ഇന്ത്യയുടെ തദ്ദേശീയ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപാധ്യായയുടെ പാഠങ്ങള്‍ ബിജെപിയെ നിര്‍ബന്ധിക്കുന്നതിന്റെ ഫലമായി യോഗ, ധ്യാനം തുടങ്ങി സൂത്രങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായി കാണാം. പരമ്പരാഗത മൂല്യങ്ങള്‍, സാംസ്‌കാരിക ചിഹ്നങ്ങള്‍ എന്നിവയെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഗോപൂജ മുതലുള്ള പരിപാടികളും അവര്‍ വന്‍പ്രാധാന്യത്തോടെ നടത്തിപ്പോരുന്നുണ്ട്. (അതേസമയം, ഇന്ത്യയില്‍ നിന്ന് ഗോമാംസം കയറ്റി അയക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ സംഘപരിവാര്‍ സംഘടനകളുടെ നടത്തിപ്പുകാർ കൂടിയാണെന്നത് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്).
ഇന്ത്യയുടെ ഫെഡറല്‍ ഘടന, ഭരണഘടന എന്നിവയ്‌ക്കെതിരെ എന്തുകൊണ്ട് ബിജെപിയുടെയും ഇതര സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ ഇടക്കിടെ തിരിയുന്നു എന്നതിനുള്ള ഉത്തരം കൂടി ഉപാധ്യായയുടെ ഏകാത്മ മാനവ വാദത്തില്‍ നിന്ന് ലഭിക്കും. ഏതുതരം സാമൂഹ്യ സംഘാടനത്തിനും മുകളിലായി ഉപാധ്യായ പ്രതിഷ്ഠിച്ചിരിക്കുന്നത് ‘ധര്‍മ്മരാജി’നെയാണ്. പാര്‍ലമെന്റിനും ഭരണഘടയ്ക്കും മുകളിലായിരിക്കണം അതിന്റെ സ്ഥാനം. ഉപാധ്യായ വിവക്ഷിക്കുന്ന ‘ധര്‍മ്മരാജ്’ ‘ഹിന്ദുധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. അതായത്, വ്യക്തിയുടെ മുന്‍കൂട്ടി നിശ്ചയിച്ച പങ്കിനെ, വ്യക്തമായ ഭാഷയില്‍ പറഞ്ഞാല്‍ ജാതി-വര്‍ണ്ണ വ്യവസ്ഥയെ, സൂക്ഷ്മമായി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുധര്‍മ്മത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് സമുച്ചയം ഉത്ഘാടനം ചെയ്യപ്പെട്ട വേളയില്‍ സെങ്കോലും വേദമന്ത്രങ്ങളുമായി ഹിന്ദു സന്യാസിമാര്‍ കടന്നുവന്നതും, ഇന്ത്യയുടെ പ്രഥമ പൗരയായ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാതിരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിച്ചാല്‍ ഉപാധ്യായയുടെയും ബിജെപിയുടെയും ഏകാത്മ മാനവവാദത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകും.
ഉപാധ്യായയുടെ ചിന്തകള്‍ക്ക് അനുരൂപമാകുന്ന നിലയില്‍, അതേസമയം നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ, പുതിയ ബദലുകള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ കൃത്യമായ ഇടവേളകളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരു ഉദാഹരണം കാണുക;
1998 ഒക്ടോബറില്‍ നടന്ന അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് സമ്മേളനത്തില്‍ വിതരണം ചെയ്ത കരട് രേഖയില്‍ പാര്‍ലമെന്റ് ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. നിലവിലെ ഇരട്ട പാര്‍ലമെന്റ് ഘടനയ്ക്ക് പകരം ത്രിതല ഘടന സ്ഥാപിക്കണ്ടേതുണ്ടെന്നാണ് കരട് രേഖ നിര്‍ദ്ദേശിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടേതായ ഒരു ഇലക്ടറല്‍ കോളേജ് രൂപീകരിച്ച്, ലോക്സഭയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന, രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന, സന്യാസിമാര്‍ നയിക്കുന്ന ‘ഗുരുസഭ’യാണ് ലോക് സഭയ്ക്കും രാജ്യസഭയ്ക്കും മുകളില്‍ ഉണ്ടായിരിക്കേണ്ടതെന്ന് രേഖ ആവശ്യപ്പെടുന്നു. മാനവ വിഭവ ശേഷി മന്ത്രാലയമായിരിക്കും ഇതിന്റെ ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും മറിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനല്ല എന്നും രേഖയില്‍ പറയുന്നു. എല്ലാ നിയമനിര്‍മ്മാണങ്ങളും ധന ബില്ലുകളും ലോകസഭയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഗുരുസഭയില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും വേണമെന്നും, സുപ്രീം കോടതി ജഡ്ജിമാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനും അവരെ ഇംപീച്ച് ചെയ്യുന്നതിനുമുള്ള ജുഡീഷ്യല്‍ കമ്മീഷനായും ഗുരു സഭ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കരട് രേഖ ശഠിക്കുന്നു. ഗുരുസഭയ്ക്കും ലോക്സഭയ്ക്കും ഇടയില്‍, സായുധസേനാ മേധാവികളുടെയും വിരമിച്ച സൈനികരുടെയും ഒരു രക്ഷാസഭ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും അടിയന്തരാവസ്ഥാ സാഹചര്യങ്ങള്‍ ഉടലെടുത്താല്‍ അവ പ്രഖ്യാപിക്കാനും നടപ്പില്‍ വരുത്തുവാനും അധികാരമുള്ളതായിരിക്കണം ഈ രക്ഷാ സഭയെന്നും എ ബി വി പി കരട് രേഖ വിശദീകരിക്കുന്നു.
മത നേതാക്കള്‍ (ഹിന്ദുത്വ) ഉള്‍ക്കൊള്ളുന്ന ഒരു ഉപരിസഭയ്ക്കും സൈനിക (റിട്ട) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മധ്യസഭയ്ക്കും രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സംവിധാനങ്ങളെയും അടിയന്തിര ഭരണ സാഹചര്യങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു മത-സൈനിക ഭരണ സംവിധാനമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഉപാധ്യായയുടെ ഏകാത്മ മാനവവാദ ദര്‍ശനത്തിലേക്ക് എത്തിപ്പെടാനുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രായോഗിക കുറിപ്പടികള്‍ ഇങ്ങനെയൊക്കെയാണ് തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
മത-സാംസ്‌കാരിക-സാമൂഹിക മേഖലകളിലേക്കുള്ള ഉപാധ്യായ ദര്‍ശനങ്ങളുടെ വിളക്കിച്ചേര്‍ക്കല്‍ ഒരുപരിധി വരെ സാധ്യമാക്കാന്‍ സംഘപരിവാര്‍ ഭരണകൂടത്തിന് സാധ്യമാകുന്നുണ്ടെങ്കിലും ആഗോളീകൃത സമ്പദ് വ്യവസ്ഥയില്‍ ഉപാധ്യായയുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ അട്ടത്ത് വെക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആരെക്കാളും നന്നായി തിരിച്ചറിയുന്നത് മോദി ഭരണകൂടം തന്നെയാണ്. ‘സ്വദേശി സമ്പദ്ശാസ്ത്ര്’ത്തെക്കുറിച്ച് ഉപാധ്യായയും ആര്‍എസ്സ്എസ്സ് നേതാക്കളും തരംപോലെ വാചാലരായിക്കാണാറുണ്ടെങ്കിലും ഗാന്ധിജിയെപ്പോലെ സ്വദേശി യിലധിഷ്ഠിതമായൊരു സമ്പദ്ശാസ്ത്ര ദര്‍ശനം മുന്നോട്ടുവെക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നതും മനസ്സിലാക്കേണ്ടതുണ്ട്.
ആഗോള സമ്പദ്വ്യവസ്ഥയുമായുള്ള ഇന്ത്യയുടെ സംയോജനം, ആധുനിക ജീവിതശൈലികള്‍, സാങ്കേതികവിദ്യകളിന്മേലുള്ള ആശ്രിത്വം എന്നിവ ഉപാധ്യായ സംരക്ഷിക്കാന്‍ ആഗ്രഹിച്ച ആഴമേറിയ സാംസ്‌കാരിക വേരുകളെ ദുര്‍ബലപ്പെടുത്തിയേക്കാം എന്ന ഉറച്ചബോധ്യമുള്ളതുകൊണ്ടുതന്നെയാണ് ‘ആത്മനിര്‍ഭര്‍ ഭാരത’ത്തെ സംബന്ധിച്ച വായ്ത്താരികള്‍ മോദിക്കും സംഘത്തിനും ചെറിയ ഇടവേളകളിലെങ്കിലും ആവര്‍ത്തിക്കേണ്ടിവരുന്നത്. ഇന്റഗ്രല്‍ ഹ്യൂമനിസത്തെക്കുറിച്ചുള്ള ഉപാധ്യായയുടെ കാഴ്ചപ്പാടുകള്‍ ആധുനിക ലോകവുമായുള്ള ദൈനംദിന വ്യവഹാരങ്ങള്‍ക്കും സ്വതന്ത്ര വിപണി, വിദേശ നിക്ഷേപം എന്നിവയ്ക്കും ബാധയാണെന്ന് ഏറ്റവും നന്നായിതിരിച്ചറിയുന്നത് ബിജെപി സര്‍ക്കാര്‍ തന്നെയാണ്. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട്) ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പിലാണ് മോദി. നൈതികതയിലൂന്നിയ ഭരണനിര്‍വ്വഹണത്തെ (ethical governance)ക്കുറിച്ച് ദീന്‍ ദയാല്‍ ഉപാധ്യായ വിശദീകരിക്കുന്നുണ്ടെങ്കിലും ചങ്ങാത്ത മുതലാളിത്ത(crony capitalism)ത്തിന്റെ സുവര്‍ണ്ണകാലമായി അറിയപ്പെടുന്നത് മോദി കാലമാണെന്നതും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ട സംഗതിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ മോദി ഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി ഗൗതം അദാനി മാറിയതിന്റെ കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത 2014-ല്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്പനികളുടെയും മൊത്തം ടേണ്‍ ഓവര്‍ 75,659 കോടി രൂപയായിരുന്നത് 2024 ആകുമ്പോഴേക്കും 2,71,664 കോടി രൂപയായി ഉയരുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉപാധ്യായയുടെ ഏകാത്മ മാനവ വാദല്ലെന്നും മോദിയുടെ ഏക മുതലാളി വാദമാണെന്നും തീര്‍ച്ചയാണ്.
(മോദി കാലത്തെ അദാനി വളര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ‘ അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം ‘ എന്ന ഞാന്‍ തയ്യാറാക്കിയ പുസ്തകം വായിക്കാം)
Read more
കെ.സഹദേവന്‍
——-