പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാകിസ്ഥാനി നടി ഹുമൈറ അസ്​ഗർ മരിച്ചത് 9 മാസം മുൻപെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടി താമസിച്ച എത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ഫേസ് 6-ലെ അപ്പാർട്ട്‌മെന്റിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ കറാച്ചി പൊലീസ് സർജൻ ഡോ സുമയ്യ സയീദ് സ്ഥിരീകരിച്ചു. 2024 ഒക്ടോബറിലാകും ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

‘നടിയുടെ കോൾ റെക്കോഡുകൾ പ്രകാരം അവസാനമായി ഇവർ ഫോൺ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുമുണ്ട്’-പാക് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയീദ് ആസാദ് റാസ പറഞ്ഞു. കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് 2024 ഒക്ടോബറിൽ നടിയുടെ അപ്പാർട്ട്മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങൾക്കു മുമ്പ് അവസാനിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Read more

അപ്പാർട്ട്മെന്റിൽ ഹുമൈറ താമസിച്ചിരുന്ന നിലയിൽ മറ്റാരും താമസമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ദുർഗന്ധം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അപ്പാർട്ട്മെന്റിലെ ഒരു ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാൻ ആദ്യം കുടുംബം വിസമ്മതിച്ചെങ്കിലും ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാൻ സഹോദരൻ നവീദ് അസ്ഗർ കറാച്ചിയിലെത്തിയതായി പാക് പൊലീസ് പറഞ്ഞു. ഏഴു വർഷം മുൻപാണ് ഹുമൈറ ലഹോറിൽ നിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ലെന്നും നവീദ് പറഞ്ഞു.