'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചിക ഉന്നയിച്ചിരിക്കുന്നത്. ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും അത് ഭർത്താവിനോട് പറഞ്ഞപ്പോൾ അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടിയൊന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ പിഡിപ്പിച്ചുവെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. വിവാഹം ആഢംബരമായി നടത്തിയില്ലെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്. കാർ നൽകിയില്ല സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ് കൊല്ലാക്കൊല ചെയ്യുകയായിരുന്നു. പെൺകുട്ടി ജനിച്ചതിന് ശേഷം വിവാഹമോചനം ആവശ്യപ്പെടാൻ തുടങ്ങിയതെന്നും വിപഞ്ചിക ആത്മഹത്യ കുറിപ്പിൽ പറയുന്നു.

അതേസമയം തനിക്ക് ജീവിച്ച് മതിയായിട്ടില്ലെന്നും കുഞ്ഞിൻ്റെ ചിരി കണ്ട് മതിയായില്ലെന്നും വിപഞ്ചിക കുറപ്പിൽ പറയുന്നുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി. എൻ്റെയോ കുഞ്ഞിന്റെയോ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ലെന്നും കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും കുറിപ്പിൽ പറയുന്നു.

കൊട്ടാക്കര സ്വദേശിനിയും ഷാർജയിൽ എച്ച് ആർ മാനേജറുമായ വിപഞ്ചിക മണിയനും(33) മകൾ ഒന്നരവയസുകാരി വൈഭവിയും ചൊവ്വാഴ്‌ചയാണ് ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ദുബായിൽത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാൽക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭർത്താവ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യാ ചെയ്തത്.

അതേസമയം സംഭവത്തിൽ ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കുടുംബം പരാതി നൽകി.

Read more