ഇന്ത്യന്‍ പരിശീലകനായാല്‍..., പ്രധാന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗംഭീര്‍, മൊത്തത്തില്‍ അലമ്പാകുമെന്ന് ഉറപ്പ്

ഇന്ത്യ പുതിയ പരിശീലകനായുള്ള തിരിച്ചിലിലാണ്. ഇതിന്റെ ഭാഗമായി ബിസിസിഐ മുന്‍ താരം ഗൗതം ഗംഭീറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഗംഭീര്‍ പരിശീലകനാകുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഗംഭീറിന്റെ കര്‍ക്കശ സ്വഭാവം തന്നെയാണ് ഇതിന് കാരണമായി പറയുന്നതും. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഇന്ത്യന്‍ ടീമിലേക്ക് ഉള്ള ഷോര്‍ട്ട്കട്ട് ആയി യുവതാരങ്ങള്‍ ഐപിഎലിനെ കാണുന്നെന്ന പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ് ഗംഭീര്‍.

നിങ്ങള്‍ക്ക് ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ടി20 ടീമിലേക്ക് മാത്രമേ എത്താനാകാവൂ. ഐപിഎല്‍ നോക്കി ഒരിക്കലും നിങ്ങളുടെ 50 ഓവര്‍ ടീമിനെ തിരഞ്ഞെടുക്കരുത്. ടി20 ലോകകപ്പും ടി20 ടീമും ഐപിഎല്ലില്‍ നിന്ന് തിരഞ്ഞെടുക്കണം. വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് അമ്പത് ഓവര്‍ ഫോര്‍മാറ്റിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കണം.

നിങ്ങളുടെ ടെസ്റ്റ് ടീമിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും തിരഞ്ഞെടുക്കണം. കാര്യങ്ങള്‍ അങ്ങനെ ലളിതമാണ്. നിങ്ങള്‍ 50-ഓവര്‍ ഫോര്‍മാറ്റില്‍ ഐ പി എല്‍ നോക്കി തിരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ ഇത് കുറക്കുവഴി ആയി മാറും- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗംഭീറിന്റെ ഈ വാദം പരിശീലകനായാല്‍ താരം സ്വീകരിക്കാന്‍ പോകുന്ന നിലപാടിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് മനസിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇത് വലിയ കോലാഹലങ്ങല്‍ക്കും അസ്വാരസ്യങ്ങള്‍ക്കും കാരണമായേക്കും. കാരണം നിലവില്‍ ടീം സെലക്ഷന്റെ വലിയൊരു മാനദണ്ഡം ഐപിഎലിലെ മികച്ച പ്രകടനമാണ്.