പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി രണ്ട് വർഷം ക്രിക്കറ്റ് പരിശീലിച്ചതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിക്കുകയാണ് ജാൻവി കപൂർ. ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഉപയോഗിക്കാൻ സംവിധായകൻ തയ്യാറായിരുന്നില്ലെന്നാണ് ജാൻവി പറയുന്നത്. കൂടാതെ നിരവധി പരിക്കുകൾ സംഭവിച്ചെന്നും തന്റെ തോളുകൾ രണ്ടും സ്ഥാനം തെറ്റിയെന്നും ജാൻവി പറയുന്നു.

“ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തു. രണ്ട് വർഷത്തോളം ക്രിക്കറ്റ് പരിശീലിച്ചു. മിലി പ്രമോഷനിടയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ രണ്ട് വർഷമായി. എനിക്ക് കുറച്ച് പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. തോളുകൾ രണ്ടും സ്ഥാനം തെറ്റി. എന്നാൽ സംവിധായകനും ഇത്രയും കഠിനാധ്വാനം ചെയ്ത എൻ്റെ പരിശീലകരായ അഭിഷേക് നയ്യാർക്കും വിക്രാന്തിനുമാണ് ക്രെഡിറ്റ് നൽകേണ്ടത്. പരിശീലനം അവസാനിപ്പിക്കാൻ എനിക്ക് തോന്നിയിരുന്നു. എൻ്റെ ശരീരം കൈവിട്ടു. പക്ഷേ അവർ എന്നെ പ്രചോദിപ്പിച്ചു.

എല്ലാം കൃത്യമായി ചെയ്യണമെന്നാണ് സംവിധായകൻ ആഗ്രഹിച്ചിരുന്നത്. തട്ടിപ്പുകൾക്കു അദ്ദേഹം തയ്യാറായിരുന്നില്ല. എല്ലാം ആധികാരികമായി തോന്നണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റ് രംഗങ്ങൾ മെച്ചപ്പെടുത്താൻ വിഎഫ്എക്‌സ് ഉപയോഗിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല.

ശരൺ ശർമയുടെ കാഴ്ചപ്പാടും അഭിനിവേശവും കാണുമ്പോഴെല്ലാം എനിക്കു ദേഷ്യവും നിരാശയും തോന്നിയിരുന്നു. ഞങ്ങൾ വഴക്കിടുമായിരുന്നു. പക്ഷേ ഇന്ന് ഞങ്ങൾ ഇവിടെയെത്തി. ഞങ്ങൾ ഒരു ടീമായി ചെയ്ത ജോലിയിൽ എനിക്ക് സംതൃപ്തി തോന്നുന്നു. ആളുകൾ അതിനെ അഭിനന്ദിക്കുകയും സിനിമ ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നാണ് ചിത്രത്തിന്റെ പ്രൊമോഷനിടെ ജാൻവി പറഞ്ഞത്.