മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

നടി ഗായത്രിയുടെ അഭിമുഖങ്ങള്‍ എന്നും ട്രോള്‍ ചെയ്യപ്പെടാറുണ്ട്. താരത്തിന്റെ തെലുങ്ക് സിനിമയിലെ സംസാരം അടക്കം അടുത്തിടെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. തൃശൂര്‍ ഭാഷാ ശൈലിയില്‍ തെലുങ്ക് പറഞ്ഞ് അഭിനയിച്ചു എന്ന ട്രോളുകളാണ് എത്തിയിരുന്നു. ആ സിനിമയില്‍ അങ്ങനെ ഡബ്ബ് ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായത്രി ഇപ്പോള്‍.

”അഭിനയിക്കുന്ന സമയത്ത് എല്ലാവരും വിചാരിച്ചിരുന്നത് വേറെ ആളെ വച്ച് ഡബ്ബ് ചെയ്യിപ്പിക്കാം എന്നായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ഡയലോഗ് പഠിച്ചിട്ട് എന്റെ ശൈലിയില്‍ തന്നെ പറയും. പക്ഷെ ഡബ്ബ് ചെയ്ത സമയത്ത് വേറെ ആളെ വച്ച് ചെയ്തപ്പോള്‍ അത് വര്‍ക്ക് ആയില്ല.”

”പക്ഷെ എന്റെ സംസാരം കേട്ടപ്പോള്‍ ഇവര്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോ എന്നോട് തന്നെ വന്നിട്ട് അങ്ങനെ തന്നെ ചെയ്യാന്‍ പറഞ്ഞു. അങ്ങനെ ഉണ്ടായതാണ് അത്. അല്ലാതെ കരുതികൂട്ടി ചെയ്തതല്ല” എന്നാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി പറയുന്നത്. ഇതിനൊപ്പം ആദ്യം തെലുങ്ക്ില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള ചിന്തയെ കുറിച്ചും നടി പറയുന്നുണ്ട്.

തെലുങ്കില്‍ ആദ്യം പോകുമ്പോള്‍ തനിക്ക് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നില്ല എന്നാണ് ഗായത്രി പറയുന്നത്. ”എനിക്ക് എന്റെ മനസില്‍, അയ്യോ മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ടല്ലേ തെലുങ്കില്‍ പോകേണ്ടി വരുന്നത്, അങ്ങനെത്തൊരു ചിന്തയായിരുന്നു.”

”പക്ഷെ അവിടെ പോയപ്പോഴാണ് മനസിലായത്, അങ്ങനെയൊന്നുമില്ല. അവിടെ അടിപൊളി തന്നെയാണ്. അവിടെ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അഭിനയത്തിന് അങ്ങനെ ഭാഷാ വ്യത്യാസമൊന്നുമില്ല, അത് ആസ്വദിക്കാന്‍ പറ്റുമെന്ന് മനസിലായത്” എന്നാണ് ഗായത്രി പറയുന്നത്.

Read more