അമേരിക്ക താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും; ഏപ്രിൽ 2 മുതൽ പരസ്പര താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ്

ബുധനാഴ്ച രാവിലെ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചൈനയും ഒന്നിൽ കൂടുതൽ തവണ ഇടം നേടിയിട്ടുണ്ട് എന്ന് പറഞ്ഞു. ഏപ്രിൽ 2 മുതൽ പരസ്പര താരിഫുകൾ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

“മറ്റ് രാജ്യങ്ങൾ പതിറ്റാണ്ടുകളായി നമുക്കെതിരെ താരിഫ് ഉപയോഗിച്ചുവരുന്നു. ഇപ്പോൾ ആ മറ്റ് രാജ്യങ്ങൾക്കെതിരെ അവ തിരിച്ച് ഉപയോഗിക്കാൻ തുടങ്ങേണ്ട സമയമായി. ശരാശരി, യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ, ഇന്ത്യ, – മെക്സിക്കോ, കാനഡ – നിങ്ങൾ അവരെക്കുറിച്ച് കേട്ടിട്ടുണ്ടോ – കൂടാതെ എണ്ണമറ്റ മറ്റ് രാജ്യങ്ങൾ നമ്മൾ ഈടാക്കുന്നതിനേക്കാൾ വളരെ ഉയർന്ന താരിഫ് നമ്മിൽ നിന്ന് ഈടാക്കുന്നു. ഇത് വളരെ അന്യായമാണ്.” ട്രംപ് പറഞ്ഞു.

“ഇന്ത്യ നമ്മോട് 100 ശതമാനത്തിൽ കൂടുതൽ ഓട്ടോ താരിഫ് ഈടാക്കുന്നു.” ട്രംപ് പറഞ്ഞു. ഫെബ്രുവരിയിൽ, തന്റെ ഭരണകൂടം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ “ഉടൻ” പരസ്പര തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് തലസ്ഥാന സന്ദർശന വേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്. വാഷിംഗ്ടണിന്റെ പരസ്പര താരിഫുകളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയോട് വ്യക്തമാക്കി. താരിഫ് ഘടനയിൽ “ആർക്കും എന്നോട് തർക്കിക്കാൻ കഴിയില്ല” എന്ന് ഊന്നിപ്പറഞ്ഞു.

വൈറ്റ് ഹൗസിലെ തന്റെ രണ്ടാം ടേമിലെ ആദ്യ പ്രസംഗമായിരുന്നു യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തത്. ഒരു മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള ട്രംപിന്റെ പ്രസംഗം കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമെന്ന റെക്കോർഡ് സൃഷ്ടിച്ചു. 2000-ൽ ബിൽ ക്ലിന്റന്റെ 1 മണിക്കൂർ 28 മിനിറ്റ് 49 സെക്കൻഡ് നീണ്ടുനിന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിന്റെ റെക്കോർഡ് ഇത് തകർത്തുവെന്ന് സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിലെ അമേരിക്കൻ പ്രസിഡൻസി പ്രോജക്റ്റിനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു. 1964 മുതൽ പ്രസംഗത്തിന്റെ ദൈർഘ്യം ഇവർ ട്രാക്ക് ചെയ്തിട്ടുണ്ട്.