കങ്കണ, വിമതന്‍മാര്‍, അധികാരമോഹികളില്‍ വലഞ്ഞ് ബി.ജെ.പി; ഹിമാചലില്‍ ത്രിശങ്കുവില്‍; കൂട്ട പുറത്താക്കല്‍ തുടരുന്നു

ഹിമാചല്‍ പ്രദേശില്‍ അധികാരമോഹികളെ കൊണ്ട് വലഞ്ഞ് ബിജെപി നേതൃത്വം. നേതാക്കള്‍ പലരും വിമതന്‍മാരായി മത്സരം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി ത്രിശങ്കുവിലായി. ഹിമാചലിലെ കുള്ളു മണ്ഡലത്തില്‍ വിമതനായി മത്സരിക്കുന്ന ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രാം സിങ്ങിനെ നേതൃത്വം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറു വര്‍ഷത്തേക്കാണ് പുറത്താക്കല്‍.

നേരത്തെ, വിമതരായി രംഗത്തെത്തിയ നാല് മുന്‍ എംഎല്‍എമാരെയും ഒരു മുന്‍ എംപിയെയും കഴിഞ്ഞ ദിവസം ബിജെപി പുറത്താക്കിയിരുന്നു. വിമതരായി മത്സരിക്കുന്ന ആറ് നേതാക്കളെ കോണ്‍ഗ്രസും പുറത്താക്കിയിട്ടുണ്ട്.

മുന്‍ എംഎല്‍എമാരായ തേജ്വന്ത് സിങ് നേഗി, കിഷോരി ലാല്‍, മനോഹര്‍ ധിമാന്‍, കെ.എല്‍.ഠാക്കൂര്‍, കൃപാല്‍ പര്‍മാര്‍ എന്നിവര്‍ക്കാണ് ബിജെപി സസ്പെന്‍ഡ് ചെയ്ത്. ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെ ഈ അഞ്ചു നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളായി വിവിധ മണ്ഡലങ്ങളില്‍ പത്രിക നല്‍കിയിട്ടുണ്ട്.

ഫതേപുരില്‍ നിന്നാണ് കൃപാല്‍ പര്‍മാര്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ്യ കശ്യപ് ആണ് അഞ്ചു നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തകാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നവെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ബിജെപിക്ക് ഭരണ തുടര്‍ച്ച ഉറപ്പാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ കൂടുതല്‍ പേര്‍ വിമതന്‍മാരാകുമെന്ന പേടിയും ബിജെപിക്കുണ്ട്.

Read more

മുഖ്യമന്ത്രി ജയറാം താക്കൂര്‍ അഞ്ച് തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എന്നാല്‍, അദേഹത്തെ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടിയിട്ടില്ലെന്നുള്ളതും നിര്‍ണായകമാണ്. ഷിംലയില്‍ ഒരു വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം നടി കങ്കണ റണാവത്ത് പരസ്യമാക്കിയതും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. കങ്കണയ്ക്ക് സീറ്റു നല്‍കിയാല്‍ വീണ്ടും വിമതന്‍മാര്‍ ഉണ്ടാകുമെന്ന പേടി ബിജെപിക്കുണ്ട്. അതിനാല്‍ തന്നെ ഇക്കുറി മത്സരിക്കാന്‍ കങ്കണ റണാവത്തിന് ബിജെപി ടിക്കറ്റ് നല്‍കിയേക്കില്ല.