സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

താൻ നേരിട്ടുള്ളവരിലും ഒരുമിച്ച് കളിച്ചവരിൽ വെച്ചും ഏറ്റവും മികച്ച നാല് മികച്ച ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ അലിസ്റ്റർ കുക്ക്. തന്റെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ഒരു ഇന്ത്യൻ താരവും ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവർക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും, കുക്കിന്റെ പട്ടികയിൽ അവരാരും ഉൾപ്പെട്ടിട്ടില്ല.

ബ്രയാൻ ലാറ, ജെയിംസ് ആൻഡേഴ്‌സൺ, ജാക്വസ് കാലിസ്, ബെൻ സ്റ്റോക്‌സ് എന്നിവരെയാണ് നാല് മികച്ച കളിക്കാരായി കുക്ക് തിരഞ്ഞെടുത്തത്. ഒരു ബാറ്റർ, ഒരു ബോളർ, ഒരു ഓൾറൗണ്ടർ, ഒരു വൈൽഡ്‌കാർഡ് എന്നിവരെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് കുക്കിന്റെ ഈ തിരഞ്ഞെടുപ്പ്.

“ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്. പക്ഷേ അത് ബ്രയാൻ ലാറ ആയിരിക്കണം. പോണ്ടിംഗോ ലാറയോ എന്നത് വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പാണ്. പക്ഷേ ലാറ വേറിട്ടുനിൽക്കുന്നു. ഞാൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ നേരിട്ടിട്ടുള്ളൂ. പക്ഷേ ഇത്രയും പ്രതിഭയുള്ള ഒരു കളിക്കാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

മികച്ച ബോളറിലേക്ക് വന്നാൽ, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ജെയിംസ് ആൻഡേഴ്‌സണെയാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രതിഭയും ഇത്രയും കാലം ഉയർന്ന തലത്തിൽ പ്രകടനം നടത്താനുള്ള കഴിവും അദ്ദേഹത്തെ എന്റെ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. തീർച്ചയായും അദ്ദേഹം എന്റെ ഏറ്റവും മികച്ച ബോളറാണ്.

Read more

“ഏറ്റവും മികച്ച ഓൾറൗണ്ടറെ സംബന്ധിച്ചിടത്തോളം, അത് വളരെ എളുപ്പമുള്ള ഒരു തിരഞ്ഞെടുപ്പാണ്. പക്ഷേ കളിയെ മാറ്റാനുള്ള കഴിവ് ബെൻ സ്റ്റോക്സിന് തീർച്ചയായും ഉണ്ട്. എന്നിരുന്നാലും, ജാക്വസ് കാലിസ് നേടിയ റൺസിന്റെ കാര്യത്തിൽ മാത്രമല്ല, 200-ലധികം ടെസ്റ്റ് വിക്കറ്റുകൾ നേടിയതിന്റെയും സ്ലിപ്പിൽ മികച്ച ക്യാച്ചിംഗിന്റെയും കാര്യത്തിൽ അദ്ദേഹം അവിശ്വസനീയനായിരുന്നു. തീർച്ചയായും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓൾറൗണ്ടറാണ് അദ്ദേഹം. വൈൽഡ് കാർഡ് എൻട്രിയെ സംബന്ധിച്ചിടത്തോളം, നിർണായക മത്സരങ്ങൾ ജയിക്കാനുള്ള സമ്മർദ്ദത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയമായ ചില ഇന്നിംഗ്സുകൾ കളിച്ച ബെൻ സ്റ്റോക്സിനൊപ്പമാണ് ഞാൻ പോവുക” അദ്ദേഹം കൂട്ടിച്ചേർത്തു.