കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ്; മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Advertisement

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് പോസിറ്റീവായത്. സിദ്ധരാമയ്യയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താന്‍ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍ കരുതലെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റൈനില്‍ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 98 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 2,594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് സംസ്ഥാനത്തെ ആകെ രോഗബാധിതര്‍.