കോണ്‍ഗ്രസുമായി സഖ്യമില്ല; ഹരിയാനയില്‍ ഒറ്റയ്ക്ക് പടവെട്ടാന്‍ ആം ആദ്മി; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ത്യ സഖ്യത്തില്‍ രൂപപ്പെട്ട അനശ്ചിതത്വങ്ങള്‍ക്ക് പരിഹാരമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ ആം ആദ്മി ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് ആദ്യഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളെയാണ് എഎപി ഇന്ന് പ്രഖ്യാപിച്ചത്. സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആംആദ്മിയുടെ തീരുമാനം. ഹരിയാനയില്‍ 90 നിയമസഭ മണ്ഡലങ്ങളുണ്ട്. 90 സീറ്റുകളിലും മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

20 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടുകൊണ്ട് രണ്ടാം ഘട്ട പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് ഹരിയാന ആംആദ്മി അധ്യക്ഷന്‍ സുഷില്‍ ഗുപ്ത പറഞ്ഞു. തിരഞ്ഞെടുപ്പിന് ഇനി വളരെ കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ശക്തമായിരുന്നുവെന്നതിനാല്‍ സഖ്യത്തിനായി തങ്ങള്‍ കാത്തുവെന്നും സുഷില്‍ ഗുപ്ത അറിയിച്ചു.

Read more

തങ്ങളുടെ ക്ഷമ തങ്ങള്‍ കാണിച്ചു. അതിന് ശേഷമാണ് തങ്ങള്‍ പട്ടിക പുറത്തുവിടുന്നതെന്നും എഎപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഒന്നും രണ്ടും ഘട്ട സ്ഥാനാര്‍ത്ഥി പട്ടികകള്‍ കോണ്‍ഗ്രസും പുറത്തുവിട്ടിരുന്നു. ഹരിയാന തിരഞ്ഞെടുപ്പില്‍ 90 നിയോജക മണ്ഡലത്തിലും ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആംആദ്മി നേതാവായ സോംനാഥ് ഭാര്‍ഥി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.