ഇടുക്കി ജില്ല തമിഴ്‌നാടിന് വിട്ടുനല്‍കിയാല്‍ അവര്‍ ജനങ്ങളെ രക്ഷിക്കും; പരിസ്ഥിതിവാദികളുടെ കരണത്തടിക്കണമെന്ന് പി.സി ജോര്‍ജ്

ഇടുക്കി ജില്ല തമിഴ്‌നാടിനു വിട്ടുനല്‍കിയാല്‍ ജനങ്ങളെ തമിഴ്‌നാട് സര്‍ക്കാര്‍ വന്യജീവികളില്‍ നിന്നു രക്ഷിക്കുമെന്നു കേരള ജനപക്ഷം (സെക്കുലര്‍) ചെയര്‍മാന്‍ പി.സി.ജോര്‍ജ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വിറ്റാല്‍ കടക്കെണിയിലായ ഇടതു സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാ. ഇതിനെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

നാട്ടിലിറങ്ങി ശല്യം ചെയ്യുന്ന മൃഗങ്ങളുടെ ഇറച്ചി ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ വില്‍ക്കാറുണ്ട്. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ അതേ മാര്‍ഗമുള്ളൂ എന്നാണ് പിസി ജോര്‍ജ് പറയുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 105 പേരാണ് മരിച്ചത്.

ഇടുക്കി ജില്ലയെ സമ്പൂര്‍ണ്ണ വനമാക്കി മാറ്റി കോടിക്കണക്കിന് രൂപയുടെ കാര്‍ബണ്‍ ഫണ്ട് തട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വന്യജീവികളുടെ ആക്രമണം കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ജില്ലയിലെ കര്‍ഷകരുടെയും മുല്ലപ്പെരിയാര്‍ ഡാമിന്റെയും രക്ഷയ്ക്കായി ഇടുക്കി ജില്ലയെ തമിഴ്നാടിന് വിട്ടുകൊടുക്കണം. അങ്ങനെ വിട്ടുകൊടുത്താല്‍ ജനങ്ങളെ തമിഴ്നാട് സര്‍ക്കാര്‍ വന്യജീവികളില്‍ നിന്നു രക്ഷിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.