കെ.പി.സി.സി അദ്ധ്യക്ഷനാകാൻ 200 ശതമാനം യോഗ്യനല്ല, ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല: മമ്പറം ദിവാകരന്‍

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരന്‍. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിവാകരന്‍ പറഞ്ഞു.

പുതിയ കെപിസിസി അദ്ധ്യക്ഷനായി സുധാകരൻ ചുമതല ഏറ്റെടുത്ത് ആദ്യം ലക്ഷ്യം വെച്ചത് തന്നെയായിരുന്നു. അതു കൊണ്ടാണ് രണ്ട് ടേം മത്സരം എന്ന നിയമം കൊണ്ടു വന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ വികസനത്തിന് സ്റ്റേ നൽകിയ വ്യക്തിയാണ് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേര് നാമനിർദ്ദേശം നൽകിയതെന്നും ദിവാകരൻ കുറ്റപ്പെടുത്തി.

കെപിസിസി അദ്ധ്യക്ഷ സ്ഥാനം മഹത്തായ പദവിയാണ് എന്നാൽ സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല. സുധാകരന്‍ അധ്യക്ഷനാകാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നു എന്നും ദിവാകരന്‍ വെളിപ്പെടുത്തി. ഇപ്പോൾ അദ്ധ്യക്ഷനായതിനാൽ പരസ്യമായി ഒന്നും പറയുന്നില്ല. ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല. ചിറക്കൽ സ്കുളിനായി പിരിവ് നടത്തിയ പണം എവിടെയാണെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.

ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നിലപാട് ആരും അറിയിച്ചിട്ടില്ല. ഡിസിസിയുടെ ഒരു നേതാവും സമീപിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കെപിസിസിയോ ഡിസിസിയോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. മമ്പറം ദിവാകരനെതിരെ എടുത്തത് അച്ചടക്ക നടപടിയാണെന്നും പാർട്ടി തീരുമാനം ലംഘിച്ചാൽ അച്ചടക്ക നടപടി സ്വാഭാവികമാണെന്നുമാണ് സുധാകരന്റെ പ്രതികരണം. അച്ചടക്ക നടപടിക്ക് വലിയ ആളെന്നോ ചെറിയ ആളെന്നോ വ്യത്യാസമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Read more

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ മത്സരിക്കുന്നതിലൂടെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന്‍ കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വിശദീകരിച്ചിരുന്നു.