സൗത്ത് ലൈവിനെതിരെ സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്ത് എസ് പി സി കമ്പനി

കര്‍ഷകര്‍ക്ക് വ്യാജ വളം നല്‍കി കോടികള്‍ തട്ടിയ സ്പൈസസ് പ്രൊഡ്യുസര്‍ കമ്പനിയുടെ പകല്‍ക്കൊള്ള ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയ സൗത്ത് ലൈവിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ എസ് പി സി കമ്പനിയുടെ ആഹ്വാനം. തങ്ങളുടെ ജീവനക്കാരോടും , ഫ്രാഞ്ചൈസി എടുത്തവരോടുമാണ് സൗത്ത് ലൈവിനെതിരെ സൈബര്‍ ആക്രമണം നടത്തണമെന്നും എസ് പി സിയുടെ തട്ടിപ്പിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്ന കാര്യങ്ങള്‍ അടങ്ങുന്ന വീഡിയോ അപ്ലോഡ് ചെയ്ത സൗത്ത് ലൈവിന്റെ യുട്യൂബ് ചാനല്‍ പൂട്ടിക്കണമെന്നും അഹ്വാനം ചെയ്യുന്നത്.

എസ് പി സിയുടെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുകയും ജപ്തി നോട്ടീസുകള്‍ ലഭിച്ച് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയും ചെയ്യുന്ന പാവപ്പെട്ട കര്‍ഷകര്‍ തങ്ങളുട അനുഭവങ്ങള്‍ സൗത്ത് ലൈവുമായി പങ്ക് വച്ചത് സൗത്ത് ലൈവിന്റെ സൈറ്റിലും ഫേസ് ബുക്കിലും യുട്യൂബ് ചാനലിലും പങ്ക് വച്ചിരുന്നു. ഇതെല്ലാം കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന ആഹ്വാനം.

ആട് തേക്ക് മാഞ്ചിയത്തെ കടത്തി വെട്ടുന്ന തട്ടിപ്പാണ് വ്യാജ വളം വിതരണം ചെയ്ത് ഇടുക്കി ആസ്ഥാനമായ സ്പൈസ് പ്രൊഡ്യുസര്‍ കമ്പനി നടത്തിയത്. ജൈവ വളമെന്ന പേരില്‍ യൊതൊരു ഗുണനിലവാരവുമില്ലാത്ത ഉള്‍പ്പന്നങ്ങള്‍ തങ്ങളുടെ ഫ്രൈഞ്ചൈസികളിലൂടെ കര്‍ഷകര്‍ക്ക് വ്യാപകമായ തോതില്‍ വില്‍പ്പന നടത്തുകയും അതുവഴി കോടികള്‍ പാവപ്പെട്ട കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കുകയുമാണ് കമ്പനി ചെയ്തത്. എസ് പി സി യുടെ വിവധ വളം ഫ്രാഞ്ചൈസികളില്‍ കൃഷി വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡറിന്റെ പല നിബന്ധനകളും കമ്പനി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2-9-2021 ന് കമ്പനിയുടെ മൊത്ത വ്യാപാര ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

കേരളത്തിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ കമ്പനിയെക്കുറിച്ച് വ്യാപകമായി പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കടക്കം വഞ്ചിക്കപ്പെട്ട കര്‍ഷര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം വ്യക്തമായ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതെ തുടര്‍ന്ന് സൗത്ത് ലൈവിനെതിരെ ചില മാധ്യമങ്ങളെ സമീപിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നല്‍കുന്നതിനും കമ്പനി ശ്രമിച്ചു. സൗത്ത് ലൈവിനതിരെ നിയമ നടപടി എടുക്കാനുള്ള നീക്കങ്ങളും എസ് പി സി യുടെ ഭാഗത്തു നിന്നുണ്ടായി.

കര്‍ഷകരുടെ പേരില്‍ ലോണ്‍ എടുത്ത് ആ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക വരെ ചെയ്ത് കമ്പനിയാണ് എസ് പി സി , എസ് പി സി നല്‍കിയ വളം എടുത്ത് കൃഷി നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് സൗത്ത് ലൈവിലും സൗത്ത് ലൈവിന്റെ തന്നെ ഫേസ ബുക്കിലും യുട്യൂബ് ചാനലുകളിലും നല്‍കിയത്. വ്യക്തിപരമായ ഭീഷണിയും , കേസുകളുമൊന്നും നന്‍മയുടെ മാര്‍ഗത്തിലൂടെയുള്ള സൗത്ത് ലൈവിന്റെ പ്രയാണത്തെ പിന്തിരിപ്പിക്കില്ലന്ന് മനസിലായപ്പോള്‍ എസ് പി സി ഇപ്പോള്‍ സൈബര്‍ ആക്രമണ ഭീഷണിയുമായി ഇറങ്ങിയിരിക്കുകയാണ്.

Read more

പാവപ്പെട്ട കര്‍ഷകരെ വഞ്ചിക്കുന്ന എസ് പി സി കമ്പനിയുടെ തട്ടിപ്പുകളും കൊള്ളകളും തുറന്ന് കാണിക്കുക എന്നത് സുതാര്യവും സത്യസന്ധവുമായ പത്ര പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഒരു ഭീഷണിക്കും വഴങ്ങാതെ സൗത്ത് ലൈവ് മുമ്പോട്ട് പോകും. പറയുന്ന കാര്യങ്ങള്‍ വസ്തുതകളായിരിക്കണം, അതിന് തെളിവുകളുടെ പിന്‍ബലം വേണം എന്ന നിര്‍ബന്ധമേ സൗത്ത് ലൈവ് ഇക്കാലമത്രയും പുലര്‍ത്തിയിട്ടുളളു. അത് കൊണ്ട തന്നെ ് എസ് പി സി എന്ന തട്ടിപ്പ് കമ്പനിയുടെ ഭീഷണികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയുന്നു, അവരുടെ തട്ടിപ്പുകളും കര്‍ഷകവഞ്ചനകളും ഞങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ടേയിരിക്കും.