സില്‍വര്‍ലൈന്‍; സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് അനുമതിയില്ലാതെ, ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാനാണ് തത്വത്തില്‍ അനുമതി നല്‍കിയത്. കേന്ദ്രാനുമതി ഇല്ലാതെയാണ് സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല. കെ റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ നല്‍കിയിട്ടില്ലെന്നും ഇവ കൈമാറണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

അതേസമയം സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടല്‍ പൂര്‍ണമായും നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലാത്ത സ്ഥലങ്ങളില്‍ ജിയോടാഗ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തുമെന്നും മന്ത്രി വിശദമാക്കി.