ജോ ജോസഫിന് എതിരായ അശ്ലീല വീഡിയോ പ്രചാരണം: പ്രതിപക്ഷ നേതാവിന്റെ പരാമർശത്തെ തള്ളി എ.ഐ.സി.സി അംഗം

ഡോ. ജോ ജോസഫിനെതിരെയുള്ള അശ്ലീല വീഡിയോ  പ്രചരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിനെതിരെ എഐസിസി അംഗം സിമി റോസ്ബെൽ ജോൺ. പ്രതിപക്ഷ നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും സിമി റോസ് പ്രതികരിച്ചു.

‘സ്ത്രീയെന്ന നിലയിൽ വളരെ വേദനയോടെയാണ് സംഭവത്തെ കാണുന്നത്. സ്ഥാനാർത്ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചരണം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാവാത്ത സംഭവമാണ്. ഏത് പാർട്ടിയുമാകട്ടേ, ഒരു സ്ഥാനാർത്ഥിക്കും ഇങ്ങനെ ഇനി സംഭവിക്കരുതെന്നും സിമി പറഞ്ഞു.

സിമിയുടെ വാക്കുകൾ:

പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രതിപക്ഷ നേതാവ് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഷെയർ ചെയ്യുന്നത് നീതികരിക്കാവുന്ന സംഭവമായി തോന്നുന്നില്ല. ഇത്തരം കാര്യങ്ങളെ പ്രോത്സഹിപ്പിക്കുന്ന സംസ്‌കാരം കോൺഗ്രസിന് ഇല്ല. സമൂഹത്തിന്റെ മുന്നിൽ ഒരു കുടുംബത്തെ വേദനിപ്പിച്ച് കൊണ്ട് അപമാനിച്ച് കൊണ്ടുള്ള പ്രചരണം വച്ചുപൊറുപ്പിക്കാൻ പാടില്ല.

സ്ത്രീയെന്ന നിലയിൽ വളരെ വേദനയോടെയാണ് ഈ സംഭവത്തെ കാണുന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാവാത്ത സംഭവമാണിത്. ഏത് പാർട്ടിയുമാകട്ടേ, ഒരു സ്ഥാനാർത്ഥിക്കും ഇങ്ങനെ ഇനി സംഭവിക്കരുത്. അത്തരം വീഡിയോ ഷെയർ ചെയ്യുന്നതും കുറ്റകരമാണന്നും സിനി പറഞ്ഞു.

അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തതെന്നും ജോ ജോസഫിന്റെ പേരിൽ വീഡിയോ കോൺഗ്രസുകാർ പ്രചരിപ്പിച്ചുകാണുമെന്നായിരുന്നു വിഡി സതീശൻ പറഞ്ഞത്. സതീശൻ നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ജോ ജോസഫിനെതിരായി അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് സതീശൻ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നാണ് എംഎ ബേബി പറഞ്ഞത്.

. സതീശനെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താൻ പാടില്ലാത്തതാണ്. കോൺഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശന്റെ ഈ പ്രതിരോധം. ഈ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസുകാരെ സതീശൻ തള്ളിപ്പറയുകയായിരുന്നു വേണ്ടിയിരുന്നതെന്ന് എംഎ ബേബി പറഞ്ഞു. ഇത് ശ്രീ.വി ഡി സതീശൻ പറഞ്ഞില്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.’ എന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.