ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണം, കാലം മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും കണക്ക് ചോദിക്കും: വി.ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസില്‍ തീയില്‍ കാച്ചിയ പൊന്ന് പോലെ എല്ലാ നേതാക്കളും പുറത്ത് വന്നു. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. കേരള രാഷ്ട്രീയത്തില്‍ ഇത്തരം വേട്ടയാടലുകള്‍ നടക്കാന്‍ പാടില്ല. എല്ലാത്തിനും ഉത്തരവാദി പിണറായി വിജയനാണ്. കാലം മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും കണക്ക് ചോദിക്കും- സതീശന്‍ പറഞ്ഞു.

പരാതിയില്‍ തെളിവില്ലെന്ന് കാണിച്ചാണ് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. നേരത്തെ കേസിലുള്‍പ്പെട്ട കെ.സി വേണുഗോപാലിനും എ.പി അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

Read more

 ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ അറിയിച്ചു. എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.