ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂരി’നെ വാനോളം പുകഴ്ത്തി കത്തോലിക മുഖപത്രമായ ദീപിക. ലോകസമാധാനം കെടുത്തുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഏഷ്യന്‍ പാചകപ്പുരകളില്‍ ചിലതാണ് ഇന്ത്യ പൊളിച്ചുകളഞ്ഞത്. ഇതു കേവലം ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നമല്ല, ആഗോളഭീകരവിരുദ്ധതയ്ക്ക് ഇന്ത്യയുടെ സംഭാവനയാണെന്ന് ദീപികയുടെ മുഖ പ്രസംഗത്തില്‍ പറയുന്നു.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:
കാഷ്മീരിലെത്തി ഇന്ത്യന്‍ സ്തീകളുടെ സിന്ദൂരം തുടച്ചുമാറ്റാന്‍ ശ്രമിച്ചവരുടെ വീട്ടില്‍ കയറി ഇന്ത്യ സിന്ദൂരച്ചെപ്പുകള്‍ കൊടുത്തിരിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരേ ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ തിരിച്ചടിയില്‍ ഒന്പതു ഭീകരതാവളങ്ങളാണു തകര്‍ത്തത്. പാക് പൗരന്മാരുടെ ഉറക്കംപോലും കെടുത്താതെ രാത്രിയില്‍ മതഭ്രാന്തന്മാര്‍ക്കു കൊടുത്ത തിരിച്ചടിക്ക് ഇന്ത്യയിട്ട പേര് ‘ഓപ്പറേഷന്‍ സിന്ദൂര്‍’. പട്ടാപ്പകല്‍ സിന്ദൂരം ചോദിച്ചെത്തിയവര്‍ക്ക് പാതിരാത്രിയില്‍ ഇന്ത്യ സിന്ദൂരച്ചെപ്പുകള്‍ എത്തിച്ചുകൊടുത്തിരിക്കുന്നു. അടങ്ങുന്നില്ലെങ്കില്‍ ഒരു ഹോളിതന്നെ സമ്മാനിക്കാം. യുദ്ധം ഇന്ത്യക്ക് ആഘോഷമല്ല; പക്ഷേ, സമാധാനം ആവശ്യമാണ്.
ഏപ്രില്‍ 22നു കാഷ്മീരിലെ പഹല്‍ഗാമില്‍ നിസഹായരായ 26 പൗരന്മാരെ വധിച്ച പാക് ഭീകരാക്രമണത്തിനാണ് ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ ഇന്ത്യ മറുപടി കൊടുത്തത്. 14 ദിവസം കഴിഞ്ഞിട്ടും തീവ്രവാദികള്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരേ ആണവായുധ ഭീഷണിയും മുഴക്കിയിരുന്നു. പ്രമുഖ ഭീകരസംഘടനകളായ ലഷ്‌കര്‍-ഇ-തയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നിവയുടെ കേന്ദ്രങ്ങളിലായിരുന്നു ആക്രമണമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
മുസാഫറാബാദ്, സര്‍ജാല്‍, കോട്ലി, ഗുല്‍പുര്‍, സിയാല്‍കോട്ട്, ബര്‍ണാല്‍, മുരിദ്‌കെ, ഭവല്‍പുര്‍, സവായ് എന്നിവിടങ്ങളിലെ തകര്‍ക്കപ്പെട്ട ഭീകരപരിശീലന കേന്ദ്രങ്ങളുടെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പാക് അധിനിവേശ കാഷ്മീരിലെ അഞ്ചു ക്യാന്പുകളും തകര്‍ത്തതായി സൈന്യം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ പ്രതികാരത്തില്‍ ഭീകരന്‍ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഇയാളുടെ സഹോദരി ഉള്‍പ്പെടെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീവ്രവാദികള്‍ വിനോദയാത്രികരെ കൊന്നത് അവര്‍ തങ്ങളുടെ മതത്തില്‍ പെട്ടവരല്ലെന്ന് ഉറപ്പാക്കിയശേഷമാണ്. കണ്‍മുന്നില്‍ ഭര്‍ത്താക്കന്മാരെ കൊന്ന് സ്ത്രീകളെ ജീവച്ഛവങ്ങളാക്കുകയായിരുന്നു. മതഭ്രാന്തിനു മാത്രം സാധിക്കുന്ന ക്രൂരത! ഇന്ത്യ കണ്ണീര്‍ വാര്‍ത്തെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ല. തീവ്രവാദികളെ പാലൂട്ടി വളര്‍ത്തിയ പാക്കിസ്ഥാന്റെ കരണത്തടിക്കാന്‍ ഇന്ത്യ മുന്നിലിറക്കിയത് രണ്ടു വനിതകളെ.
വ്യോമസേനാ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്, കരസേനാ കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു. അതേ, പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരുടെ മൃതദേഹത്തിനു മുന്നില്‍ ഒരുവേള ഹൃദയം പൊട്ടിയിരുന്ന സ്ത്രീകളെ രാജ്യം ചേര്‍ത്തുപിടിച്ചിരിക്കുന്നു. ആ ഭീകരര്‍ക്ക് സ്ത്രീകള്‍ കൊടുക്കുന്ന മറുപടികൂടിയാണ് ഈ തിരിച്ചടിയെന്നു പറഞ്ഞത്, ഭീകരര്‍ കൊന്ന കൊച്ചി സ്വദേശി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതിയാണ്. ഇതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നു പേരിട്ടവരെ അഭിവാദ്യം ചെയ്യുന്നെന്നും അവര്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാന്‍ നുണകള്‍കൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും ജനാധിപത്യ രാജ്യങ്ങളിലേറെയും ഇന്ത്യക്കൊപ്പം നിന്നു. മുസ്ലിം തീവ്രവാദികളുടെയും അവരുടെ നിഴല്‍യുദ്ധക്കാരുടെയും സ്ഥിരം തന്ത്രമായ ഇരവാദവുമായി ഐക്യരാഷ്ട്രസഭയിലെത്തിയ പാക്കിസ്ഥാന് സുരക്ഷാസമിതിയില്‍ ഉദ്ദേശിച്ച പിന്തുണ ഇത്തവണ കിട്ടിയില്ല. ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പരസ്യമായി നിന്നത്. തുര്‍ക്കി ആധുനിക യുഗത്തിലും ഇസ്ലാമിക തീവ്രവാദത്തിന്റെ ഖലീഫ ഭരണം തിരികെ കൊണ്ടുവരാന്‍ വിയര്‍പ്പൊഴുക്കുന്ന രാജ്യമാണ്.
ഒന്നാം ലോകയുദ്ധക്കാലത്ത് അര്‍മീനിയന്‍ ക്രൈസ്തവരുടെ വംശഹത്യ നടത്തിയ തുര്‍ക്കിയുടെ പിന്തുണയോടെയാണ് കഴിഞ്ഞവര്‍ഷം അസര്‍ബൈജാന്‍ നാഗര്‍ണോ-കാരാബാക്കിലെ അവശേഷിച്ച അര്‍മീനിയക്കാരെയും നാടുകടത്തിയത്. ഇസ്ലാമിക തീവ്രവാദത്തിന്റെ ഏഷ്യയിലെ സംരക്ഷകരായ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമാണ് ചൈന. ഒരേ നുകത്തില്‍ കെട്ടാവുന്ന ഈ മൂന്നു രാജ്യങ്ങള്‍ക്കൊപ്പമില്ലെങ്കിലും പിന്‍വാതില്‍ സഹായമെത്തിക്കുന്നവരെയും ലോകം തിരിച്ചറിയണം. ലോകസമാധാനം കെടുത്തുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഏഷ്യന്‍ പാചകപ്പുരകളില്‍ ചിലതാണ് ഇന്ത്യ പൊളിച്ചുകളഞ്ഞത്. ഇതു കേവലം ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നമല്ല, ആഗോള ഭീകരവിരുദ്ധതയ്ക്ക് ഇന്ത്യയുടെ സംഭാവനയാണ്. ഇസ്ലാമിക ഭീകരകേന്ദ്രങ്ങള്‍ ലോകത്തെവിടെ തകര്‍ത്താലും അത് സുസ്ഥിര സമാധാനത്തിനുവേണ്ടിയാണ്.
പണപ്പെരുപ്പത്താല്‍ പൊറുതിമുട്ടുന്ന പാക്കിസ്ഥാനില്‍ അരിവില കിലോയ്ക്ക് 100നു മുകളിലാണ്. അവശ്യവസ്തുക്കളുടെയെല്ലാം വില കയറി. തീവ്രവാദത്തെ വളര്‍ത്തുന്നതിനിടെ പട്ടിണിയിലായ രാജ്യം ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും ഐഎംഎഫിന്റെയും എഡിബിയുടെയും വായ്പകൊണ്ടാണ് കഴിയുന്നത്. പഹല്‍ഗാമിനെത്തുടര്‍ന്ന് ഇന്ത്യ നദീജല വിതരണം തടഞ്ഞതും വ്യാപാരബന്ധങ്ങള്‍ വിച്ഛേദിച്ചതും കൂനിന്മേല്‍ കുരുവായിട്ടുണ്ട്. എന്നിട്ടും ഇതര മതസ്ഥരെല്ലാം കൊല്ലപ്പെടേണ്ടവരാണെന്ന തീവ്രവാദ വികൃതജപങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.
Read more
മതഭ്രാന്തില്‍ പൂത്തുലയുന്ന മരണാനന്തര സൗഭാഗ്യങ്ങളുടെ പച്ചില കാണിച്ച് നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്ക് പൗരന്മാരെ ആട്ടിത്തെളിക്കുന്ന തീവ്രവാദികളുടെ സംരക്ഷണകേന്ദ്രമാണ് പാക്കിസ്ഥാന്‍. അതിനെ പ്രതിരോധിക്കുന്നതിനൊപ്പം പ്രാധാന്യമുണ്ട്, തീവ്രവാദംകൊണ്ടു മാത്രം മുളയ്ക്കുന്ന വിഷവിത്തുകള്‍ ഈ മതേതര മണ്ണിന്റെ മനസിലും വളരുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്. 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളി ഇസ്ലാമിക തീവ്രവാദമാണ്. തിരിച്ചറിയാന്‍ വൈകുവോളം പ്രതിരോധം അസാധ്യമാകുന്ന മാരക വൈറസ്.