കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം. മനോരമ ന്യൂസ് പ്രേക്ഷകരുടെ അഭിപ്രായവോട്ടെടുപ്പില്‍ തരൂര്‍ ഒന്നാമതെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, ദേശീയ പുരസ്‌കാരം നേടിയ ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ എന്നിവരും അന്തിമപട്ടികയിലുണ്ടായിരുന്നു.
തന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി ജനം നല്‍കിയ അംഗീകാരത്തിനു നന്ദി പറയുന്നതായി ശശി തരൂര്‍ പറഞ്ഞു. എല്ലായിടത്തുനിന്നും ജനപിന്തുണ കിട്ടുന്നുണ്ടെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒഴുക്കിനെതിരെ നീന്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങളാണ് ശശി തരൂരിനെ ന്യൂസ്‌മേക്കര്‍ ആക്കുന്നതെന്നു പുരസ്‌കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ പറഞ്ഞു. സംസാരത്തിലൊക്കെയും വാര്‍ത്ത സൃഷ്ടിക്കുന്ന, ചുറ്റും വാര്‍ത്തകളെ നിലനിര്‍ത്തുന്ന ‘ന്യൂസി മാന്‍’ ആണ് തരൂരെന്നും ചൂണ്ടിക്കാട്ടി. ന്യൂസ്‌മേക്കര്‍ പുരസ്‌കാരം നേടുന്ന ആറാമത്തെ രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍.
അതേസമയം, താന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ലെന്നും. ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്. ഈ പരിപാടികള്‍ ഉപേക്ഷിക്കേണ്ട കാര്യമില്ലന്നും അദ്ദേഹം ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞു.
Read more
നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വര്‍ഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോള്‍ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും പോയി പ്രസംഗിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.