നാഥനില്ല കളരിയായി കെപിസിസി സൈബര്‍ ഹാന്‍ഡിലുകള്‍. കോണ്‍ഗ്രസിന്റെ നിലപാടുകളും നയങ്ങളും അടിസ്ഥാനമാക്കി പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ നിലവില്‍ നേതാക്കന്മാര്‍ പോലും തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. എഐസിസിയുടെ അഹമ്മദാബാദ് ന്യായ് പഥ് പ്രമേയത്തിലെ ആശയങ്ങള്‍ റീല്‍സായും പോസ്റ്ററായും പ്രചരിപ്പിക്കണമെന്ന കഴിഞ്ഞ കെപിസിസി യോഗത്തിലെ തീരുമാനങ്ങള്‍ പോലും നടപ്പാകുന്നില്ല.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം ആദ്യം വഹിച്ചിരുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയായിരുന്നു. തുടര്‍ന്ന് അനില്‍ ആന്റണി ബിജെപിയിലേക്ക് ചുവടുമാറ്റിയതോടെ പകരം ഡോ സരിനെ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചുവടുമാറ്റുകയായിരുന്നു. ആദ്യ രണ്ട് മീഡിയ സെല്‍ കണ്‍വീനര്‍മാരും പാര്‍ട്ടി വിട്ടതിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി.
ഇതിന് പിന്നാലെ മീഡിയ സെല്‍ പലതവണ പൂര്‍വ്വാധികം ശക്തമാക്കാന്‍ തീരുമാനിച്ചെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെയുണ്ടായില്ല. ഡിജിറ്റല്‍ മീഡിയ സെല്ലിന് പാര്‍ട്ടിയുടെ താഴേത്തട്ടുവരെ ഘടകങ്ങളുണ്ടാക്കാന്‍ പോലും കെപിസിസിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ സോഷ്യല്‍ മീഡിയകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമ്പോഴും കെപിസിസി മീഡിയ സെല്‍ നിശ്ചലമാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പേജുകളിലൂടെ സോഷ്യല്‍മീഡിയയില്‍ സജീവമാണെങ്കിലും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് പ്രയോജനകരമായ യാതൊന്നും പങ്കുവയ്ക്കില്ലെന്നും ആരോപണമുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിര്‍ജീവമാണെന്ന് കെപിസിസി യോഗങ്ങളില്‍ പലതവണ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിട്ടും മീഡിയ സെല്‍ പ്രവര്‍ത്തനസജ്ജമാകാത്തതില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.