നിയമസഭ സംഘര്‍ഷ കേസ്; അന്വേഷണം പ്രത്യേക സംഘത്തിന്

നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. നിയമസഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭ സെക്രട്ടറിയേറ്റിന്റെ തീരുമാനമായിരിക്കും കേസില്‍ നിര്‍ണായകമാവുക. ജനപ്രതിനിധികളും പൊലിസുകാരും ഉള്‍പ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്.
പരിക്കേറ്റവരെ കുറിച്ച് ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരിക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയ്ത. വാച്ച് ആന്റ് വാര്‍ഡ് ആയ ഷീന രേഖമൂലം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും, സഭാ സിടി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലിസിന് ശേഖരിക്കണം.

ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയപ്പോള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പാണ് ചുമത്തിയത്. പൊലിസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.കെ.രമ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തില്ല.

ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന വാച്ച് ആന്റ് വാര്‍ഡ് ഷീനയുടെ പരാതിയിലെടുത്ത കേസില്‍ റോജി എം.ജോണ്‍, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമാ തോമസ് എന്നീ എം.എല്‍.എമാരാണ് പ്രതികള്‍. കോണ്‍ഗ്രസ് എം.എല്‍.എ ടി.ജെ.സനീഷ് കുമാറിന്റെ പരാതിയിലെടുത്ത കേസില്‍ സി.പി.എം അംഗങ്ങളായ എച്ച്.സലാം, സച്ചിന്‍ദേവ് എന്നിവരും അഡീഷണല്‍ ചീഫ് മാര്‍ഷന്‍ മൊയ്തീന്‍ ഹുസൈനും കണ്ടാലറിയാവുന്ന വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളുമാണ് പ്രതികള്‍. ഭരണപക്ഷത്തിനെതിരെ മൂന്ന് വകുപ്പുകളേയുള്ളു. എല്ലാം ജാമ്യം കിട്ടാവുന്നത്. പ്രതിപക്ഷത്തിനെതിരെ 8 വകുപ്പുകളുണ്ട്. അതില്‍ മൂന്നെണ്ണം ജാമ്യം ലഭിക്കാത്തതും.