'സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അല്ല; പണിമുടക്കാനുള്ള അവകാശം കോടതിയ്ക്ക് നിഷേധിക്കാനാകില്ല' കോടിയേരി

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം കോടതി തടഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അല്ല. ശമ്പളം ഇല്ലെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്യാന്‍ തയ്യാറാകണം. പണിമുടക്ക് അവസാനത്തെ സമരായുധമാണെന്നും, എല്ലാം നേടിയെടുത്തത് പോരാട്ടങ്ങളിലൂടെയാണെന്നും കോടിയേരി പറഞ്ഞു.

ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം ഇല്ലാതാക്കുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കോടതി വിധി. ഹൈക്കോടതി നേരത്തെ ബന്ദ് നിരോധിച്ചു. പിന്നീട് ഹര്‍ത്താല്‍ നിരോധിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുപണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഒരു വെല്ലുവിളിയാണെന്ന് കോടിയേരി പറഞ്ഞു.

ജഡ്ജിമാര്‍ക്ക് പറയാനുള്ള കാര്യം അവര്‍ തുറന്നുപറയുന്നുണ്ട്. സുപ്രീംകോടതിയില്‍ നിന്ന് നാല് ജഡ്ജിമാര്‍ ഇറങ്ങി വന്ന് പരസ്യമായി പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അതേതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ? അങ്ങനെയൊരു രാജ്യത്ത് നാവടക്കു പണിയെടുക്കു എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാവണം.

പണിമുടക്ക് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലല്ല. കടകള്‍ തുറന്നാല്‍ അടപ്പിക്കേണ്ടതില്ലെന്നും സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണമെന്നും കോടിയേരി വ്യക്തമാക്കി.