രാമനവമി ആഘോഷത്തിനിടെ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 13 പേര്‍ മരിച്ചു

രാമനവമി ആഘോഷത്തിനിടെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. പതിമൂന്ന് പേര്‍മരിച്ചു. പട്ടേല്‍ നഗറിന് സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. രാമനവമി ആഘോഷങ്ങള്‍ക്ക് ആളുകള്‍ ഒത്തുകൂടുകയായിരുന്നു. ഇതിനിടയിലാണ് കിണറിന്റെ മേല്‍ക്കൂര തകര്‍ന്നത്.

ഇരുപത്തിയഞ്ചിലധികം ആളുകള്‍ കിണറില്‍ കുടുങ്ങിയിട്ടുണ്ടായിരുന്നു. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് അറിയുന്നത്.
രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറി. അതോടെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.

പടിക്കിണറിന് 50 അടിയോളം ആഴമുണ്ടായിരുന്നു. കിണറില്‍നിന്ന് പുറത്തെത്തിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.