'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' കൊള്ളാവുന്നൊരു ഫാമിലി മൂവി -റിവ്യൂ

സമകാലീന ജനജീവിതത്തിന്റെ നേരേ പിടിച്ച കണ്ണാടിയാണ് “സത്യം പറഞ്ഞാ വിശ്വസിക്കുവോ” എന്ന ഏറ്റവും പുതിയ സിനിമ. വിശ്വസിക്കാവുന്ന സത്യങ്ങളുടെ തികച്ചും വിശ്വസനീയമായ ആവിഷ്കാരം. സാധാരണ ഗ്രാമത്തിലെ തനി സാധാരണമായ ജനജീവിതത്തിന്റെ ചൂടും ചൂരുമുള്ള പ്രമേയം. അതിൽ നിന്ന് രൂപപ്പെടുത്തിയ അതിവൈകാരികത തെല്ലുമില്ലാത്ത തനിമയാർന്ന ജീവിത സന്ദർഭങ്ങളടങ്ങുന്ന ഭദ്രമായ കഥ. മിതവും സാന്ദർഭികവുമായ സംഭാഷണങ്ങൾ. കൈയൊതുക്കമുള്ള തിരക്കഥ. അതിന്റെ കെട്ടുറപ്പിന് കൂടുതൽ മുറുക്കം നൽകുന്ന എഡിറ്റിങ്. ഭേദപ്പെട്ട സംവിധാനവും.

തുടക്കത്തിലേ രണ്ടു വ്യത്യസ്ത പാതകളിലൂടെയാണ് കാര്യങ്ങൾ പോകുന്നത്. നാട്ടിലെ വാർക്കപ്പണിക്കാരായ ചിലരുടെ അതിസാധാരണമായ ജീവിതവും അവരുൾപ്പെടെയുള്ള നാടിന്റെ പൊതുജീവിതത്തിന്റെ അധികാര വ്യവൃസ്ഥയായ ഭരണ-പ്രതിപക്ഷ രാഷ്ട്രീയവും. രണ്ടും വന്ന് ഹൈവേ ജസ്സി എന്ന നാട്ടിലെ “പേരുകേട്ട ” സ്ത്രീയുടെ തിരോധാനത്തിൽ സന്ധിക്കുന്നത് തികച്ചും രസകരമായാണ്. ഇന്നത്തെ കാലത്ത് എവിടെ മദ്യലോറി മറിഞ്ഞാലും ഉണ്ടാകാവുന്ന കാര്യങ്ങൾ തന്നെയാണ് ഇവിടെയും നടക്കുന്നതെങ്കിലും അതിനൊരു രാഷ്ട്രീയ മാനം നൽകാൻ സിനിമയ്ക്കായിട്ടുണ്ട്. കാര്യങ്ങൾ പറയാൻ കുറുക്കുവഴികളോ അസ്വാഭാവികത ഉളവാക്കുന്ന മറ്റു രീതികളോ ഉപയോഗിച്ചിട്ടില്ല. ഒരു നിമിഷം പോലും സിനിമ നമ്മെ ബോറടിപ്പിക്കുന്നില്ല, എന്നല്ല ബിജു മേനോന്റെ നായകനെതിരെ കൊലക്കേസ് പ്രതിയെന്ന നിലയിൽ കൂട്ടത്തിലുള്ളവർ പോലും സംശയിക്കുമ്പോൾ തീയറ്ററിലും അതേ സന്ദേഹമുളവാകുന്നുണ്ട്.

“തൊണ്ടിമുതലും ദൃക്സാക്ഷി”ക്കും ശേഷമുള്ള സജി പാഴൂരിന്റെ ഈ തിരക്കഥയ്ക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് കൂടുതൽ കയ്യടക്കവും ഭദ്രതയുമുണ്ട്. കാര്യങ്ങൾ മിതമായ വൈകാരികതയോടെ ഒഴുക്കോടെ പറയാൻ സജി പാഴൂരിനു കഴിഞ്ഞിട്ടുണ്ട്. “ഒരു വടക്കൻ സെൽഫി”യിൽ നിന്നും ഏറെ മുന്നോട്ടു വരാൻ സംവിധായകനെന്ന നിലയിൽ പ്രജിത്തിനും സാധിച്ചു. അവസാന സീനിൽ അൽപ്പം കൈ അയഞ്ഞു പോയതൊഴിച്ചാൽ . _ഞാനിനി കുടിക്കില്ലെന്നു നായകനെക്കൊണ്ട് പറയിക്കേണ്ടതില്ലായിരുന്നു.
എങ്കിലും സിനിമയുടെ ഒതുക്കത്തിനുള്ളിൽ തന്നെ ഒരു ഗ്രാമജീവിതത്തിന്റെ വൈപുല്യം ഉൾക്കൊള്ളിക്കാൻ പ്രജിത്തിനായല്ലോ.

Read more

ബിജു മേനോൻ അനായാസം നായകവേഷമെടുത്താടിയിരിക്കുന്നു. സംവൃതാ സുനിൽ മലയാള സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു എന്നു തോന്നുകയേ ഇല്ല. അലൻസിയറും ശ്രീകാന്ത് മുരളിയും ഒക്കെ അടങ്ങുന്നവരോടൊപ്പം തന്നെ വന്നും പോയുമിരിക്കുന്ന ചെറിയ റോളുകളിലേക്കുള്ളവരുടെ തെരഞ്ഞെടുപ്പും നന്നായിട്ടുണ്ട്. ഒരൊറ്റ സീനിൽ വരുന്ന സുരേഷ് കുമാറിന്റെ അച്ഛൻ പോലും മനസ്സിൽ നിൽക്കും.
സിനിമയ്ക്കു വേണ്ടി കൃത്യമായി ഫാബ്രിക്കേറ്റ് ചെയ്തെടുത്ത പ്രമേയങ്ങളോടെ വന്ന ചില പുതുകാല സിനിമകളിൽ നിന്നും ഏറെ മുന്നിട്ടു നിൽക്കുന്നു “സത്യം പറഞ്ഞാ വിശ്വസിക്കുവോ?”
( ടൈറ്റിൽ പക്ഷേ,സിനിമയുടെ ഗൗരവം ചോർത്തിക്കളയുകയും ഒരു സാധാരണ കോമഡിപ്പടം എന്ന ധാരണ ഉളവാക്കുകയും ചെയ്തിട്ടില്ലേ എന്നത് ചോദിക്കാവുന്ന ചോദ്യം തന്നെ.)