ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ദ്ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

നടന്‍ വിനായകനെതിരെ പ്രതികരിച്ച് കല്‍പ്പാത്തി ക്ഷേത്രം ഭാരവാഹികള്‍. വിനായകന്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അനുവദിച്ചില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

വിനായകന് കല്‍പാത്തി ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. രാത്രി പതിനൊന്ന് മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നാണ് അറിയിച്ചത്. മറ്റു തര്‍ക്കങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.

അനാവശ്യ വിവാദമാണ് പ്രചരിക്കുന്നത്. അമ്പലത്തില്‍ പണി നടക്കുന്നുണ്ടായിരുന്നു. തൊപ്പിയൊക്കെ വെച്ചതിനാലാവാം അവര്‍ക്ക് വിനായകനെ മനസിലായില്ല. ആരാണെന്ന് ചോദിച്ചതാണ് വിനായകനെ ചൊടിപ്പിച്ചത്. ഇല്ലാത്ത വിഷയത്തെ വെറുതെ ഊതിവീര്‍പ്പിക്കുകയാണ്. രാത്രി ക്ഷേത്രത്തിന്റെ നട അടച്ച ശേഷം കല്‍പ്പാത്തിയില്‍ എത്തിയതായിരുന്നു നടന്‍.

തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്ന് വിനായകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്ന് സ്ഥലത്തുള്ള നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താന്‍ ഭഗവാനെ കാണാന്‍ വന്നതാണെന്നും ഒന്നു മാറിനില്ലെടോ എന്ന് വീഡിയോയില്‍ വിനായകന്‍ പറയുന്നത് കേള്‍ക്കാം. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Read more