ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് എഡ്ബാസ്റ്റണില്‍ പുരോഗമിക്കവെ സ്വന്തം ടീമിനെതിരെ ഗുരുതര ആരോപണവുമായി ഇംഗ്ലീഷ് മുൻ ഫാസ്റ്റ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ പിന്തുണയ്ക്കാന്‍ വലിയൊരു നീക്കം നടന്നിട്ടുണ്ടെന്നാണ് ഫിന്നിന്റെ ആരോപണം. എഡ്ബാസ്റ്റണിലെ ഗ്രൗണ്ടില്‍ ബൗണ്ടറിയുടെ വലിപ്പം കുറച്ചിട്ടുണ്ടെന്നാണ് ഫിന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നമ്മളിപ്പോള്‍ എഡ്ബാസ്റ്റണിലാണ്. ഞാന്‍ ബൗണ്ടറി റോപ്പിനു തൊട്ടരികിലാണ് ഇപ്പോഴുള്ളത്. ഒരു സാധാരണ ടെസ്റ്റ് മല്‍സരത്തില്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ അകത്തേക്കായിട്ടാണ് ബൗണ്ടറി റോപ്പ് ഇവിടെ കാണപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ അഗ്രസീവായിട്ടുള്ള ബാസ്‌ബോള്‍ ശൈലിക്കു യോജിക്കുന്ന തരത്തില്‍ ബൗണ്ടറിയുടെ വലിപ്പം കുറച്ചിരിക്കുകയാണ്- അദ്ദേഹം ആരോപിച്ചു.
ഫിന്നിന്റെ ഈ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ വളരെ അനായാസമായിട്ടാണ് ആദ്യദിനം ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറികള്‍ അടിച്ചെടുത്തത്. 87 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇന്നിങ്‌സില്‍ 13 ഫോറുകളുണ്ടായിരുന്നു. സെഞ്ച്വറി നേടിയ നായകൻ ശുഭ്മാൻ ഗിൽ ഇതുവരെ 12 ഫോറും നേടിയിട്ടുണ്ട്. കരുൺ നായർ, രവീന്ദ്ര ജഡേജ എന്നിവർ 5 ഫോറുകൾ വീതവും നേടി.
Read more
ആദ്യദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയിലാണ്. യശസ്വി ജയ്സ്വാള്‍ 87 റണ്‍സും കരുണ്‍ നായര്‍ 31 റണ്‍സും ഋഷഭ് പന്ത് 25 റൺസെടുത്തും പുറത്തായി. കെഎൽ രാഹുൽ (2), നിതീഷ് കുമാർ (1) എന്നിവർ നിരാശപ്പെടുത്തി. 114 റൺസുമായി ഗില്ലും 41 റൺസെടുത്ത് ജഡേജയുമാണ് ക്രീസിൽ.