ദൃശ്യവിസ്മയം സമ്മാനിക്കാൻ രാമായണ വരുന്നു, ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്, രാമനും രാവണനുമായി രൺബീറും യഷും, സംഗീതം ഹാൻസ് സിമ്മറും എആർ റഹ്മാനും

പുരാണ ഇതിഹാസം രാമായണത്തിന്റെ ദൃശ്യവിഷ്കാരമായി ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന രാമായണ സിനിമയുടെ ആദ്യ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിൽ രാവണനാവുന്നത് യഷാണ്. സായി പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. രാമായണ പാർട്ട് 1 സിനിമയുടെ 3.04 മിനിറ്റ് ദൈർഘ്യമുളള വീഡിയോ ആണ് അണിയറക്കാർ‌ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വിഎഫ്എക്സിന് വലിയ പ്രാധാന്യമുളള സിനിമ ബ്രഹ്മാണ്ഡ ചിത്രമായി തന്നെയാകും പ്രേക്ഷകരിലേക്ക് എത്തുക. 2026 ​ദീപാവലി സമയത്താണ് ആദ്യ ഭാഗം പ്രേക്ഷകരിലേക്ക് എത്തുക. 800 കോടിയ്ക്കും മുകളിലാണ് സിനിമയുടെ ബജറ്റെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിന്ദിക്ക് പുറമെ മറ്റ് ഭാഷകളിലും സിനിമ ഡബ് ചെയ്ത് പുറത്തിറക്കാൻ സാധ്യതയുണ്ട്.

ചിത്രത്തിൽ ലക്ഷ്മണനായി രവി ദുബെയും, ഹനുമാൻ ആയി സണ്ണി ഡിയോളുമാണ് എത്തുക. പ്രമുഖ നിർമാണ കമ്പനിയായ നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയും നടൻ യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ് ക്രീയേഷൻസും ചേർന്നാണ് നിർമ്മാണം. ഹാൻസ് സിമ്മറും എഎർ റഹ്മാനും ചേർന്നാണ് സം​ഗീതം ഒരുക്കുന്നത്. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസ് ആണ് ആക്ഷൻ സീനുകൾ ഒരുക്കുന്നത്. രാമായണ സിനിമയുടെ രണ്ടാം ഭാഗം 2027 ദീപാവലി സമയത്തും പുറത്തിറങ്ങും.

Read more