സെബാസ്റ്റ്യന്‍ പോള്‍
ജെഎഫ്‌കെ എന്ന ത്രക്ഷ്യരിയിലാണ് പ്രസിഡന്റ് കെന്നഡി പ്രസിദ്ധമായി അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ വാര്‍ത്തയിലുള്ളത് ജെഎസ്‌കെയാണ്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമാപ്പേരിന്റെ ചുരുക്കമാണത്. സിനിമകളുടെ എണ്ണം പെരുകുന്ന കാലത്ത് പേരിന് ക്ഷാമമുണ്ടാകുമെന്ന് ആശങ്കയുണ്ടായി. ഭാര്യ എന്ന പേരില്‍ ഉദയായുടെ പ്രശസ്തമായ ചിത്രത്തിനു പുറമേ മറ്റൊന്നുകൂടി ഉണ്ടായപ്പോള്‍ ആശങ്ക അസ്ഥാനത്തല്ലെന്നു തോന്നി. പേരുകളുടെ സാധ്യത അനന്തമാണെന്ന് ജെഎസ്‌കെ തെളിയിക്കുന്നു. പക്ഷേ അവിടെയും പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ജാനകി ഇപ്പോഴൂം ഇരുട്ടില്‍ നില്‍ക്കുന്നു. രാമപത്‌നിയായ സീതാദേവി ജനകപുത്രിയായതുകൊണ്ടാണ് ജാനകി എന്ന പര്യായമുണ്ടായത്. ഇതിഹാസപാത്രമെന്ന നിലയിലാണ് സീതയെ എനിക്ക് പരിചയമുള്ളത്. സ്വാതന്ത്ര്യത്തോടെയും ആര്‍ക്കും പരാതിയില്ലാതെയും ആ പേര് പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. സീതയും ഹെലനും അവര്‍ക്കുണ്ടായ പ്രതിസന്ധിയിലെ സമാനതനിമിത്തം ഒരുമിച്ചും പരാമര്‍ശിതരായിട്ടുണ്ട്. ഇപ്പോള്‍ ദേവതയുടെ പേരിന്റെ പര്യായമാണ് വിഷയമായിരിക്കുന്നത്. ഏത് സന്ദര്‍ഭത്തെയും അടിസ്ഥാനമാക്കി പര്യായമോ മറുപേരോ ഉണ്ടാക്കാം. അപ്പോഴൊക്കെ വ്രണപ്പെടുന്ന വികാരങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങിയാല്‍ ദുര്‍ഗന്ധം അസഹനീയമാകും. ഭരണഘടനയ്ക്ക് താങ്ങാവുന്നതല്ല ആ ദുര്‍ഗന്ധം. ഏതുതരം പ്രേക്ഷകര്‍ക്കാണ് സിനിമ അനുയോജ്യം എന്ന തരംതിരിവ് നടത്താന്‍ മാത്രം ചുമതലയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പഴയ സെന്‍സര്‍ ബോര്‍ഡിന്റെ തുരുമ്പിച്ച കത്രിക കണ്ടെടുത്ത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു കനത്ത ഭീഷണിയായിരിക്കുന്നു.
ജാനകി ജാനേ എന്ന സിനിമയ്ക്ക് അടുത്ത കാലത്ത് പ്രദര്‍ശനാനുമതി നല്‍കിയ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന് ഇപ്പോഴെങ്ങനെയാണ് ആ പേരു കേട്ടപ്പോള്‍ ഭക്തിപാരവശ്യമുണ്ടായത്. ജെഎസ്‌കെയിലെ ജാനകി ജനകപുത്രിയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമല്ല. എസ് ജാനകി എന്നു കേള്‍ക്കമ്പോള്‍ ഗായികയെ മാത്രമാണ് ഒര്‍ക്കുന്നത്. അല്ലെങ്കില്‍ ഓര്‍ക്കേണ്ടത്. വാസ്തവത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനാണ് ആ ടൈറ്റില്‍ പ്രശ്‌നമുണ്ടാക്കേണ്ടത്. കേശവാനന്ദ ഭാരതി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിശ്വപ്രസിദ്ധമായ കേസിന്റെ സൈറ്റേഷന്‍പോലെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നു കേള്‍ക്കുമ്പോള്‍ നീതിക്കുവേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുന്ന ജാനകിയെ ആണ് പ്രേക്ഷകര്‍ കാണുന്നത്. കേശവാനന്ദ ഭാരതിയെപ്പോലെ ജാനകിക്കും കേരള സര്‍ക്കാരിനെതിരെ വ്യവഹാരത്തിനിറങ്ങേണ്ടി വന്നുവെന്നാണ് ടെറ്റില്‍ നല്‍കുന്ന സൂചന. നീതി നിഷേധിക്കുന്ന ഭരണസംവിധാനമാണ് കേരളത്തിലുള്ളതെന്ന ദുര്‍വ്യാഖ്യാനത്തിനപ്പുറം അത് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിക്ക് ഏതു തരത്തിലുള്ള വ്യഥയാണ് സൃഷ്ടിക്കുന്നത്. രംഗബോധവും യുക്തിയും ഇല്ലാത്ത കോമാളിയാണ് സെന്‍സര്‍ എന്ന് അടിയന്തരാവസ്ഥക്കാലത്ത് നാം അറിഞ്ഞതാണ്. സെന്‍സറിങ് എന്ന വാക്കു മാറ്റി സര്‍ട്ടിഫിക്കേഷന്‍ എന്നാക്കിയതുകൊണ്ട് പ്രശ്‌നം പരിഹൃതമാകുന്നില്ല. പേര് മാറ്റിയതുകൊണ്ട് പ്രൊക്രൂസ്റ്റസ് രാക്ഷസനല്ലാതാകുന്നില്ല. ശയ്യാവലംബിയെ അയാള്‍, ആധുനികകാലത്ത് സെന്‍സറുടെ രൂപത്തില്‍ വന്ന്, വെട്ടിയും നീട്ടിയും മൃതാവസ്ഥയിലാക്കും.
അഭിപ്രായപ്രകടനസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണഘടന പ്രാബല്യത്തിലായതോടെ സെന്‍സര്‍ഷിപ് ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കൂര്‍ വിലക്കുകളും നീക്കം ചെയ്യപ്പെട്ടു. സിനിമയ്ക്കു മാത്രമായി സെന്‍സര്‍ഷിപ് പരിമിതപ്പെട്ടു. ത്യാജ്യഗ്രാഹ്യവിവേചനത്തിനുള്ള ബുദ്ധിയും പ്രാപ്തിയും സമൂഹത്തിനില്ലെന്നതായിരുന്നു കാരണം. ഇന്ന് കാലം മാറി. സമൂഹം വളര്‍ന്നു. നല്ലതും ചീത്തയും നല്ല നിലയില്‍ തിരിച്ചറിയുന്നതിനുള്ള ശേഷി ഇന്ത്യന്‍ സമൂഹത്തിനുണ്ടെന്ന് 1977 ഉള്‍പ്പെടെ പല സന്ദര്‍ഭങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. സാങ്കേതികവിദ്യയുടെ നിറവില്‍ എല്ലാം എല്ലാവര്‍ക്കുമായി തുറന്നുകിട്ടുമ്പോള്‍ പരിശോധകന്റെ കത്രികയ്ക്കും കറുത്ത തുണിക്കും സാക്ഷ്യപത്രത്തിനും എന്തു പ്രസക്തിയാണുള്ളത്? ആര്‍ക്കും എന്തും കാണാം. കണ്ടു മടുക്കുമ്പോള്‍ അവര്‍ പുതിയത് തേടിപ്പോകും. അശ്‌ളീലപ്രസിദ്ധീകരണങ്ങളോട് ആസക്തിയുള്ളവരല്ല ഇന്നത്തെ കുട്ടികള്‍. അവര്‍ക്ക് വേണ്ടത് എവിടെ കിട്ടുമെന്ന് അവര്‍ക്കറിയാം. സെന്‍സര്‍ എന്ന യാഥാസ്ഥിതിക ഭൂതത്തിന്റെ സഹായം തള്ളുന്നതിനും കൊള്ളുന്നതിനും അവര്‍ക്കാവശ്യമില്ല. പേര് കേട്ടാല്‍ തിരിച്ചറിയാത്ത ചിലര്‍ക്ക് അവരുടെ സ്വാധീനത്തിന്റെ ബലത്തില്‍ ഇരിക്കാനുള്ള ഇടം മാത്രമാണ് സെന്‍സര്‍ ബോര്‍ഡ്. പത്രപ്രവര്‍ത്തകനായ പി രാജന് സെന്‍സര്‍ ബോര്‍ഡ് അംഗത്വം ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ ആ സ്ഥാപനംതന്നെ ഭരണഘടനാവിരുദ്ധമാണെന്ന വിമര്‍ശത്തോടെ നിരാകരിക്കുകയാണുണ്ടായത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയിക്കുന്ന സിനിമയാണ് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാതെ ഇരുട്ടില്‍ നില്‍ക്കുന്നത്. യുഎസ്, യുകെ ഉള്‍പ്പെടെ പല ജനാധിപത്യരാജ്യങ്ങളും സെന്‍സര്‍ഷിപ് ഉപേക്ഷിച്ചത് മാതൃകയാക്കി നമുക്കും ജനധിപത്യവിരുദ്ധമായ നിയന്ത്രണ സംവിധാനം ഉപേക്ഷിക്കാം. നിയമബാഹ്യമായ ഇടപെടലുകള്‍ ഇടിത്തീപോലെ ഏതു സിനിമയുടെ മുകളിലും നിപതിക്കാം. ഒഴിവുസമയം നോക്കി ജഡ്ജി സിനിമ കണ്ടു വരുന്നതുവരെ പിടിച്ചുവയ്ക്കാന്‍ കഴിയുന്നതല്ല സിനിമയുടെ റിലീസിങ്. ആക്ഷേപമുള്ളവര്‍ സിനിമ കണ്ടതിനുശേഷം കോടതിയെ സമീപിക്കുന്നതാണ് അഭികാമ്യം. മഞ്ഞുമ്മല്‍ ബോയ്‌സ് ഇക്കാര്യത്തില്‍ അനുകരണീയമായ മാതൃകയാണ്. പ്രസ്താവ്യമായ പ്രദര്‍ശനവിജയം നേടിയ സിനിമയെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികത്തര്‍ക്കം സിനിമയുടെ വിപണനകാലം കഴിഞ്ഞതിനുശേഷമാണ് കോടതിയിലെത്തിയത്.
Read more
പല കാരണങ്ങളാല്‍ സിനിമയെ തടയുകയെന്നത് പ്രവണതയായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കിസ കുര്‍സി കാ എന്ന സിനിമയുടെ മാസ്റ്റര്‍പ്രിന്റ് സഞ്ജയ് ഗാന്ധിയുടെ മാരുതി കോമ്പൗണ്ടിലിട്ട് കത്തിച്ചു. രാഷ്ട്രീയകാരണങ്ങളാല്‍ മാത്രമല്ല മതപരമായ കാരണങ്ങളാലും എതിര്‍പ്പുകള്‍ ഉണ്ടാകും ഡാവിഞ്ചി കോഡിനെതിരെ കുറേപ്പേര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കാണാത്ത മുറിവിലെ ഇല്ലാത്ത പഴുപ്പാണ് ജാനകിയുടെ പേരിലുണ്ടായത്. എന്താണ് പ്രശ്‌നമെന്നും ആര്‍ക്കാണ് പ്രശ്‌നമെന്നും കോടതിയില്‍നിന്ന് ആവര്‍ത്തിച്ചു ചോദ്യമുണ്ടായിട്ടും ഉത്തരമുണ്ടായില്ല. സത്യന്‍ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന തട്ടാന്‍ പൊന്മുട്ടയിടുന്ന താറാവായതും വിനയന്റെ രാക്ഷസരാമന്‍ രാക്ഷസരാജാവായതും വകതിരിവില്ലാത്ത സെന്‍സറുടെ ശാഠ്യം നിമിത്തമാണ്. കോടതിഭാഷ മലയാളമാക്കുന്നതിനുള്ള തടസങ്ങളിലൊന്ന് സൈറ്റേഷനിലെ വേഴ്‌സസ് എന്ന പദമാണ്. വേഴ്‌സസ് എന്നു പറഞ്ഞാല്‍ ആര്‍ക്കോ എതിരെ എന്നാണര്‍ത്ഥം. വേഴ്‌സസിനു പരിഭാഷ വേണ്ടെന്നും മലയാളം സൈറ്റേഷനില്‍ വേഴ്‌സസ് എന്ന വാക്ക്തന്നെ മതിയാകുമെന്നും ജാനകി പഠിപ്പിക്കുന്നു. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സൈറ്റേഷനില്‍ നൂറു കണക്കിനു കേസുകള്‍ ഹൈക്കോടതിയുടെ ശേഖരത്തിലുണ്ടാകും. ജാനകിക്കൊരു പ്രശ്‌നമുണ്ടായാലും സമീപിക്കാനുള്ള ഇടമാണ് കോടതി. ജാനകിയോട് പേര് മാറ്റി വരാന്‍ കോടതി ഇതുവരെ പറഞ്ഞിട്ടില്ല. ജാനകിക്കെതിരെ വിധി പറയേണ്ടിവന്നിട്ടുള്ള ജഡ്ജിമാര്‍ക്ക് ധര്‍മസങ്കടം ഉണ്ടായിട്ടുമില്ല.