കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ടരമണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടമുണ്ടായ കെട്ടിടത്തിലെ കുളിമുറിയിൽ കുളിക്കാൻ പോയതാണ് ബിന്ദു. മന്ത്രി വി എൻ വാസവനും ആരോഗ്യമന്ത്രി വീണ ജോർജും സ്ഥലത്തെത്തി ഉപയോഗസൂന്യമായ സ്ഥലമാണ് അപകടത്തിൽ പെട്ടതെന്നും അറിയിച്ചിട്ടിരുന്നു. അപകടം ഉണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതര വീഴ്ചയാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായത്.
മകളുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ബിന്ദു. കെട്ടിടത്തിലെ കുളിമുറിയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. നേരത്തെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങി കിടപ്പില്ല എന്ന് ആരോഗ്യമന്ത്രി അടക്കം അറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം തുടങ്ങാതിരുന്നത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡ് പൊളിഞ്ഞ് വീണത്. ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സ് അടക്കം സ്ഥലത്ത് എത്തിയിരുന്നു. മന്ത്രി വി എൻ വാസവനും ആരോഗ്യമന്ത്രിയുമടക്കം സ്ഥലത്തെത്തിയിരുന്നു. അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണതെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. വളരെ കാലമായി അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണത്. ഇവിടെ നിന്നും പുതിയ സ്ഥലത്തേക്ക് ഉടൻ മാറാൻ പോകാൻ ഇരിക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു. നിലവിൽ ഈ സ്ഥലത്ത് മാലിന്യങ്ങൾ ഇടുന്ന സ്ഥലമായിരുന്നെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്ഥലത്ത് വീണ്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. മറ്റാരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടോ എന്നാണ് തിരക്കുന്നത്.