തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദപ്രസ്‌താവന നടത്തിയ എംഎം മണിയെ തിരുത്തിയും മന്ത്രി വി ശിവൻകുട്ടി. കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലിയിലാണെന്നും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ നടത്തിയ മാതൃകാപരമായ പ്രവർത്തനമായിരുന്നെന്നും മന്ത്രി പറഞ്ഞു. എന്നാൽ എംഎം മണി പറയാൻപാടില്ലാത്ത പരാമർശമായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. എംഎം മണി തൊഴിലാളി വർഗ നേതാവും പാർട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയിൽനിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്. അങ്ങനെയുള്ള നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന ഒരുജനവിഭാഗങ്ങളെയും ഒരുരൂപത്തിലും ആക്ഷേപിക്കാൻ പാടില്ല. അത് സിപിഎമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
ജനങ്ങൾ ക്ഷേമപെൻഷൻ വാങ്ങി അത് ശാപ്പാടടിച്ചശേഷം വോട്ട് ചെയ്തില്ലെന്ന രീതിയിലായിരുന്നു എംഎം മണി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. ‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മകിട്ട് വെച്ചു’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ഇതിനെതിരേ വ്യാപക വിമർശനമുയർന്നതോടെ ഞായറാഴ്‌ച രാവിലെ അദ്ദേഹംതന്നെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്ന് പറഞ്ഞ എംഎം മണി പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.







