ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ അഭിഷേക് ശർമയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. അഭിഷേകിന് ലഭിക്കുന്ന പിന്തുണ കണ്ട് സഹതാരങ്ങൾക്ക് പോലും അസൂയ തോന്നാറുണ്ടെന്ന് സഞ്ജു പറഞ്ഞു. ‘ഇന്ത്യ ടുഡേ കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന മത്സരങ്ങളിലെല്ലാം ഗാലറിയിൽ അഭിഷേകിന് ലഭിച്ച വൻ പിന്തുണയെക്കുറിച്ച് സഞ്ജു ഓർത്തെടുത്തു. “എല്ലായിടത്തും അഭിഷേക് ശർമ്മയുടെ ആരാധകരായിരുന്നു. ജനങ്ങൾ അവനെ മാത്രമാണോ ശ്രദ്ധിക്കുന്നത്, ഞങ്ങളെ ആരും നോക്കുന്നില്ലേ എന്ന് പോലും ടീമിലെ മറ്റ് അംഗങ്ങൾ തമാശയായി ചിന്തിച്ചിട്ടുണ്ട്. അവന്റെ സപ്പോർട്ട് കണ്ട് ഞങ്ങൾക്ക് ശരിക്കും അസൂയ തോന്നിയിട്ടുണ്ട്,” സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.
അഭിഷേകിന്റെ താരമൂല്യം കാരണം മറ്റ് ടീമംഗങ്ങൾക്ക് കൂടി അല്പം പ്രാധാന്യം കിട്ടാൻ വേണ്ടി താരം വേഗത്തിൽ വിവാഹം കഴിക്കണമെന്നും സഞ്ജു തമാശയായി ആവശ്യപ്പെട്ടു. “അവൻ ഇപ്പോൾ ഒരു സൂപ്പർസ്റ്റാറാണ്. മറ്റ് താരങ്ങളെയും ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി അവൻ എത്രയും വേഗം വിവാഹിതനാകണം,” സഞ്ജു കൂട്ടിച്ചേർത്തു.
Read more
നിലവിൽ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് അഭിഷേക് ശർമ്മ. 2024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത് മുതൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ താരം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ലോകകപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും ന്യൂസിലൻഡിനെതിരായ ഫൈനലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചു.







