വിവാഹിതരായി സുരാജും നിമിഷയും! ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Advertisement

തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക-നായകന്‍മാരായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍-മഹത്തായ ഭാരതീയ അടുക്കള എന്നാണ്.

നടന്‍ പൃഥ്വിരാജിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. സൂരജ് എസ് കുറുപ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റിംഗ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ഞു ദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി. ഇത്തവണ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ സുരാജിന്റെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റോയ്  എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നിലവില്‍ ജനഗണമന എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്.

ഉദയ, ഹിഗ്വിറ്റ എന്നിവയാണ് വരാനിരിക്കുന്ന മറ്റ് സിനിമകള്‍. അതേസമയം, വണ്‍, മാലിക് എന്നിവയാണ് നിമിഷയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്, രാജീവ് രവിയുടെ തുറമുഖം, സിദ്ധാര്‍ഥ് ഭരതന്റെ ജിന്ന് എന്നീ ചിത്രങ്ങളാണ് നിമിഷയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.