പ്രശസ്ത തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 87 വയസായിരുന്നു. കന്നഡ, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ സരോജ ദേവി വേഷമിട്ടിട്ടുണ്ട്. അഭിനയ സരസ്വതി എന്നും കന്നഡത്തു പൈങ്കിളി എന്നും വിശേഷണങ്ങൾ ലഭിച്ച വിഖ്യാത അഭിനേത്രിയാണ് അവർ.
എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രമാണ് സരോജ ദേവിയെ പ്രശസ്‍തിയിലേക്ക് ഉയർത്തിയത്. കന്നടയിൽ രാജ് കുമാറിന്റെയും, തെലുഗുവിൽ എൻടിആറിന്റെയും, തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായി. ആറ് പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്നു സരോജ ദേവി.
Read more
കന്നഡയിൽ കിത്തൂർ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളും നടിയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. പുനീത് രാജ് കുമാർ നായകനായ ‘സാർവ ഭൗമ’ (2019) എന്ന കന്നഡ ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. സിനിമാരംഗത്തെ സമഗ്രസംഭാവനകൾക്ക് രാജ്യം അവരെ പദ്‍മശ്രീ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.