7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍

ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും ഭര്‍ത്താവ് പി. കശ്യപും വേര്‍പിരിയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കുവെച്ച് സൈനയാണ് താനും കശ്യപും വേര്‍പിരിയുകയാണെന്ന കാര്യം അറിയിച്ചത്. വിവാഹം കഴിഞ്ഞ് ഏകദേശം 7 വർഷത്തിന് ശേഷമാണ് സൈനയും കശ്യപും വേർപിരിയാൻ ഒരുങ്ങുന്നത്.

‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’ സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം സൈന വിവാഹമോചന വാര്‍ത്ത പങ്കുവെയ്ക്കുമ്പോള്‍ കശ്യപ് നെതര്‍ലന്‍ഡ്‌സിലാണെന്നാണ് റിപ്പോര്‍ട്ട്. സൈനയുടെ പ്രഖ്യാപനത്തിന് ഏകദേശം ആറു മണിക്കൂര്‍ മുമ്പ് കശ്യപ് പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഇത് വ്യക്തമാക്കുന്നു. ജൂലൈ 11 മുതല്‍ 13 വരെ നെതര്‍ലന്‍ഡ്‌സിലെ ഹില്‍വാരന്‍ബീക്കില്‍ നടന്ന അവേക്കനിങ് ഫെസ്റ്റിവലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുകയായിരുന്നു കശ്യപ്.

ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രണയത്തിന് ശേഷം 2018 ഡിസംബറിലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുന്നത്. മത്സര ബാഡ്മിന്റണിൽ നിന്ന് വിരമിച്ച ശേഷം കശ്യപ് പരിശീലക സ്ഥാനത്തേക്ക് മാറി. കരിയറിന്റെ അവസാന വർഷങ്ങളിൽ സൈനയെ നയിക്കുന്ന പങ്ക് ഏറ്റെടുത്തു.

Read more

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.