പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് മാസത്തിന് ശേഷം സുരക്ഷാ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. 26 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് മനോജ് സിന്‍ഹ പറഞ്ഞത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൊലീസിന് ഇതുവരെ അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും മനോജ് സിന്‍ഹ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രതികരിച്ചത്.
പഹല്‍ഗാമില്‍ നടന്നത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും പറഞ്ഞ മനോജ് സിന്‍ഹ, സംഭവം സുരക്ഷ വീഴ്ച തന്നെയെന്ന് നിസംശയം പറയാമെന്നും കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമില്‍ സംഭവിച്ചതെന്തോ അത് ദൗര്‍ഭാഗ്യകരമായ ഒന്നാണ്. നിഷ്‌കളങ്കരായ മനുഷ്യരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അതൊരു സുരക്ഷാ വീഴ്ചയായിരുന്നു എന്ന് നിസംശയം പറയാം. ഭീകരവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നതാണ് ഇവിടത്തെ പൊതു വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുല്‍മേടാണ്. അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യത്തിനുള്ള ഒരു സാധ്യതയോ സൗകര്യമോ സ്ഥലമോ ഉണ്ടായിരുന്നില്ല.
2020 ല്‍ അധികാരമേറ്റ ജമ്മു കശ്മീരിന്റെ രണ്ടാമത്തെ എല്‍ജി ഞെട്ടിപ്പിക്കുന്ന ഒരു വിശദാംശമാണ് സുരക്ഷ സേനയുടെ അസാന്നിധ്യത്തെ കുറിച്ചു വെളിപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലം തുറന്ന പുല്‍മേടാണെന്നും അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാന്‍ തക്ക സൗകര്യമോ സ്ഥലമോ ഇല്ലായിരുന്നുവെന്നാണ് മനോജ് സിന്‍ഹ പറഞ്ഞത്. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നതെന്നും മനോജ് സിന്‍ഹ പറഞ്ഞു. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുര്‍ബലപ്പെടുത്താനായി മനഃപൂര്‍വമുള്ള പ്രഹരമായിരുന്നു അതെന്നാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞത്.
കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നുവെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പക്ഷേ ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂര്‍ണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണെന്നാണ് മനോജ് സിന്‍ഹയുടെ പക്ഷം. താഴ്വരയിലെ ബന്ദുകളും കല്ലെറിയല്‍ സംഭവങ്ങളും കഴിഞ്ഞ കാല സംഭവങ്ങളായി മാറിയെന്നും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
”വര്‍ഗീയ വിഭജനം സൃഷ്ടിക്കാനായിരുന്നു പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. ജമ്മു കശ്മീരില്‍ സമാധാനം ഉണ്ടാകണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. വിനോദസഞ്ചാരികള്‍ ഇങ്ങോട്ടേക്ക് ഒഴുകിയെത്തുകയാണ്. കശ്മീരിന്റെ സാമ്പത്തിക മേഖലയ്ക്ക് പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണം തിരിച്ചടിയായിരുന്നു. തീവ്രവാദം ഇനി ഇവിടെ സ്വീകാര്യമല്ല എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു ജമ്മു കശ്മീരിലെ ജനങ്ങള്‍ ആക്രമണത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങള്‍. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ജമ്മു കശ്മീര്‍ മേഖലയില്‍ ഒരു ആക്രമണവും ഉണ്ടായിട്ടില്ല” .
Read more
ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന് കൃത്യമായ തിരിച്ചടി നല്‍കിയെന്നും ഏതൊരു ഭീകരാക്രമണത്തെയും യുദ്ധപ്രവര്‍ത്തനമായി കണക്കാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇത് പാകിസ്ഥാന് നിയന്ത്രണ രേഖ കാണിച്ചുനല്‍കിയിട്ടുണ്ടെന്നും സിന്‍ഹ പറഞ്ഞു.