'ബിജെപിക്ക് ഇരട്ടത്താപ്പ്, ക്രൈസ്തവപീഡനങ്ങൾ അരുതെന്നുപറയാതെയാണ് കേരളത്തില്‍ ഭരണം പിടിക്കാനിറങ്ങിയത്'; കത്തോലിക്കാസഭയുടെ മുഖപത്രം

ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക. ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ!’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾ അരുതെന്ന് പറയാതെയാണ് 2026 ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിരിക്കുന്നത്. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനമാണെന്ന് ദീപിക വിമര്‍ശിച്ചു.

ഗോവയിലും കേരളത്തിലും അടക്കം ക്രൈസ്തവര്‍ നിര്‍ണ്ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുന്നുവെന്ന് ദീപിക ചൂണ്ടികാട്ടി. മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ഗോപിചന്ദ് പദല്‍ക്കറിന്റെ നടപടിയെ പരാമര്‍ശിച്ചാണ് ദീപികയുടെ വിമര്‍ശനം.

കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാര്‍ക്കുമെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് എംഎല്‍എ പാരിതോഷികം വാഗ്ദാനം ചെയ്തു. ഇതിന് പുറമെ സംസ്ഥാനത്ത് കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി സര്‍ക്കാരിലെ റവന്യൂ മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികള്‍ കടുത്ത ആശങ്കയിലും ഭയത്തിലുമായി കഴിഞ്ഞുവെന്നും മുഖ പ്രസംഗത്തില്‍ ദീപിക ചൂണ്ടികാട്ടി.

വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളില്‍ അവസാനത്തേതാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തുനേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയും സംഘപരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകുന്നില്ല. ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരെ 4,316 അക്രമ സംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്.

2024 ല്‍ മാത്രം 834 ആക്രമണങ്ങള്‍ നടന്നു. 2014 ല്‍ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 835 ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,682 പേര്‍ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമെ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമുണ്ടോയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026 ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ വ്യക്തതവരുത്തണമെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

Read more