ഇന്ത്യൻ സിനിമയുടെ മൃണാൾ ദാ; ആദരമൊരുക്കാൻ ഐ എഫ് എഫ് കെ

ഇന്ത്യൻ സിനിമ ചരിത്രം എന്നത് മൃണാൾ സെൻ എന്ന പേരില്ലാതെ അപൂർണമാണ്. ബംഗാളി സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലങ്ങൾ സിനിമയിൽ കൊണ്ടുവന്ന പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളാണ് മൃണാൾ ദാ എന്ന് സിനിമ പ്രേമികൾ സ്നേഹത്തോടെ വിളിക്കുന്ന മൃണാൾ സെൻ. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിരുന്നു മൃണാൾ സെൻ.

Revisiting Mrinal Sen's 1971 Iconic film 'Interview'

അടിസ്ഥാന വർഗ്ഗത്തിന്റെ കഥ കൃത്യമായി പറഞ്ഞുകൊണ്ട് സിനിമയെ എപ്പോഴും രാഷ്ട്രീയം സംസാരിക്കാനുള്ള മാധ്യമമായും മൃണാൾ സെൻ കണ്ടിരുന്നു. ഇന്ത്യൻ സിനിമ എന്നത് ബംഗാളി സിനിമകളായിരുന്ന കാലത്ത്, സത്യജിത് റേയ്ക്കും ഋത്വിക് ഘട്ടക്കിനുമൊപ്പം മൃണാൾ സെൻ എന്ന പേരും ഉയർന്നു കേട്ടിരുന്നു.

Mrinal Sen: “A perfect combination of a wise-old-man and completely young at heart” – Indian Cultural Forum

മലയാളികളുമായും മലയാള സിനിമയുമായും നിരന്തരം സമ്പർക്കം പുലർത്തിയ ചലച്ചിത്രകാരൻ കൂടിയാണ് മൃണാൾ സെൻ. കയ്യൂർ സമരത്തെ ആസ്പദമാക്കി ഒരു മലയാളസിനിമ നിർമ്മിക്കാൻ അദ്ദേഹം കയ്യൂരിൽ എത്തിയിരുന്നു. പക്ഷേ അത് നടന്നില്ല. ‘തന്‍റെ സർഗ്ഗജീവിതത്തിലെ വലിയ നഷ്ടം’ എന്നാണ് മൃണാൾ സെൻ അതിനെ വിശേഷിപ്പിച്ചത്. കേരളവും ബംഗാളും തമ്മിലുള്ള സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമായ ഒരു ബന്ധിപ്പിക്കൽ കൂടിയായിരുന്നു മൃണാൾ സെന്നിലൂടെ നടന്നിരുന്നത്.

ഇപ്പോഴിതാ മൃണാൾ സെന്നിന്റെ ജന്മശതാബ്ദി വാർഷികത്തിൽ, ആദരമർപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അദ്ദേഹത്തിന്റെ അഞ്ച് സിനിമകൾ പ്രദർശിപ്പിക്കുകയാണ് ചലച്ചിത്ര അക്കാദമി. ഭുവൻ ഷോം, കൽക്കട്ട 71, ഏക് ദിൻ പ്രതിദിൻ, ഏകാലേർ ഷന്തനെ, പദടിക് എന്നീ അഞ്ച് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മൃണാള്‍സെന്നിൻ്റെ ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്സിബിഷനും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയേറ്ററിലാണ് പ്രദർശനം നടക്കുന്നത്.

കാൻ, ബെ‍ർലിൻ, ഷിക്കാഗോ, മോസ്കോ തുടങ്ങീ 12 അന്തർദേശീയ ചലച്ചിത്രമേളകളിൽ സിനിമകൾ കൊണ്ട് മൃണാൾ സെൻ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്.

Mrinal Sen was a rebel with high integrity: Adoor Gopalakrishnan

അടൂർ ഗോപാലകൃഷ്ണൻ, മൃണാൾ സെൻ