ചെറിയ മനുഷ്യന്റെ ജീവിതത്തിലേക്ക് ഹൃദയവിശുദ്ധിയുള്ള ഒരു വലിയ മനുഷ്യന്റെ ഇടപെടല്‍ അതാണ് 'മാര്‍ക്കോണി മത്തായി'; സംവിധായകന്‍ സനില്‍ കളത്തില്‍

സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ താരം വിജയ് സേതുപതി മുഴുനീള വേഷത്തിലെത്തുന്ന ജയറാം ചിത്രം മാര്‍ക്കോണി മത്തായി തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചെറിയ മനുഷ്യന്റെ ജീവിതത്തിലേക്ക് ഹൃദയവിശുദ്ധിയുള്ള ഒരു വലിയ മനുഷ്യന്റെ ഇടപെടലാണ് മാര്‍ക്കോണി മത്തായിയെന്ന് അഴിമുഖവുമായുള്ള ഇന്റര്‍വ്യൂവില്‍ സംവിധായകന്‍ സനില്‍ കളത്തില്‍ പറഞ്ഞു. സാധാരണക്കാരനായി ജീവിക്കുന്ന ഒരു താരമാണ് അദ്ദേഹം. യഥാര്‍ത്ഥ ജീവിതത്തിലെ വിജയ് സേതുപതിയെ തന്നെ സിനിമയില്‍ കാണാനാകും. വളരെ ആത്മാര്‍ത്ഥമായുള്ള സ്‌നേഹവും പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അവസാനം വരെ ഉണ്ടായിരുന്നു. 12 ദിവസത്തോളമാണ് വിജയ് സേതുപതി ഈ സിനിമയുടെ ഭാഗമായുണ്ടായിരുന്നത്. സനില്‍ പറഞ്ഞു.

അതേസമയം, മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക.

Read more

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.