മുഖം അടിച്ച് പൊളിച്ചു, ആസിഡ് ആക്രമണത്തിന് ശ്രമിച്ചു..; വധശ്രമത്തിന് പരാതി നല്‍കി നടന്‍ മോഹന്‍ ശര്‍മ്മ

തനിക്ക് നേരെ ക്രൂരമായ ആക്രമണം നടന്നതായി നടന്‍ മോഹന്‍ ശര്‍മ്മ. ചെന്നൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വസതിയിലേക്ക് വരുമ്പോഴാണ് നടന്‍ ആക്രമിക്കപ്പെട്ടത്.

ഒരുകാലത്ത് നായകനായും വില്ലനായും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മോഹന്‍ ശര്‍മ്മ. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് മോഹന്‍ ശര്‍മ്മ സംസാരിച്ചത്.

നടന്റെ മൂക്കിനിടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. മോഹന്‍ ശര്‍മ്മയുടെ പേരില്‍ ചെന്നൈ പോയിസ് ഗാര്‍ഡനിലുള്ള വീട് അടുത്തിടെ വിറ്റിരുന്നു. ഒരു ബ്രോക്കര്‍ വഴിയാണ് വിറ്റത്. പിന്നീട് ബ്രോക്കര്‍ ഇവിടെ താമസമാക്കി. ഇത് സംബന്ധിച്ച് പ്രശ്‌നം നടന്നിരുന്നു. ബ്രോക്കറുടെ പേരില്‍ മോഹന്‍ ശര്‍മ്മ കേസും നല്‍കിയിരുന്നു.

അതിന്റെ പേരില്‍ മോഹനെതിരെ ബ്രോക്കര്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ഗുണ്ടകളെ വച്ച് മോഹനെ ആക്രമിച്ചത്. കാറില്‍ നിന്നും ഗുണ്ടകള്‍ പിടിച്ചിറക്കി മുഖം അടിച്ച് പൊളിച്ചെന്നും ആസിഡ് ഒഴിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മോഹന്‍ ശര്‍മ്മ പറയുന്നത്. മോഹന്റെ പരാതിയില്‍ വധശ്രമത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.