‘മധുരരാജ’യില്‍ ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായ് പീറ്റര്‍ ഹെയ്ന്‍

സിനിമയുടെ തുടക്കത്തില്‍ ‘സ്റ്റണ്ട്: ത്യാഗരാജന്‍’ എന്നു കണ്ടില്ലെങ്കില്‍ ‘ഛെ’ എന്നു തോന്നിയ കാലമുണ്ട്. നസീര്‍ ഉമ്മറുമായിട്ട് അല്ലെങ്കില്‍ ഗോവിന്ദന്‍ കുട്ടിയുമായിട്ട് അതുമല്ലെങ്കില്‍ വില്ലന്റെ കുറേ ഗുണ്ടകളുമായിട്ട് ‘ഡിഷും ഠിഷും’ ശബ്ദത്തില്‍ പൊരിഞ്ഞ ഇടി നടത്തുമ്പോള്‍ അതു കണ്ടിരിക്കാന്‍ സുഖം വേണമെങ്കില്‍ ത്യാഗരാജന്‍ മാസ്റ്റര്‍ തന്നെ വേണമായിരുന്നു ഫൈറ്റ് മാസ്റ്ററായിട്ട്. ‘സി.ഐഡി നസീറ’ടക്കം നാനൂറോളം നസീര്‍ സിനിമകള്‍ക്കും മൊത്തത്തില്‍ രണ്ടായിരത്തിലേറെ ചിത്രങ്ങള്‍ക്കുമായി സംഘട്ടന രംഗങ്ങളൊരുക്കി തെന്നിന്ത്യന്‍ തിരശ്ശീലയിലാകെ തങ്കലിപിയില്‍ എഴുതപ്പെട്ട നാമമാണ് ത്യാഗരാജന്റേത്.

ത്യാഗരാജനു മുമ്പ് പുലികേശിയായിരുന്നു ഇടിയുടെ ആശാന്‍. മൂപ്പരുടെ ശിഷ്യനായിട്ടാണ് ത്യാഗരാജന്റെ എന്‍ട്രി. 1966ല്‍ ‘കാട്ടുമല്ലിക’യയ്ക്കു വേണ്ടി പുലിയുമായി ഏറ്റുമുട്ടിത്തന്നെ പുലികേശി മരണപ്പെട്ടു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ് ത്യാഗരാജന്‍ വരുന്നത്. അന്നു തുടങ്ങിയ സ്റ്റണ്ട് സംവിധാനം ഇപ്പോള്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന മമ്മൂട്ടിച്ചിത്രമായ ‘കുഞ്ഞാലി മരക്കാരി’ലൂടെ ഈ എഴുപതാം കാലത്തും ത്യാഗരാജന്‍ തുടരുകയാണ്.

അതിനിടെ ഷാജി കൈലാസിന്റെ ‘മാഫിയ’യിലൂടെ വന്ന പുതിയ ആക്ഷന്‍ ഡയറക്റ്റര്‍ കണ്ണൂര്‍ക്കാരന്‍ ശശി ‘മാഫിയ ശശി’യായി. പിന്നെ ഇങ്ങോട്ടു ശശി നിറഞ്ഞാടിയ കാലം. തുടര്‍ന്ന് മാരി 2, ജില്ല, ലൂസിഫര്‍, കമ്മാരസംഭവം തുടങ്ങി ഓട്ടേറെ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ചെയ്ത കനല്‍കണ്ണന്‍, സ്റ്റണ്ട് സില്‍വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ്, കയ്ച്ചാ കമ്പക്്ഡീ, സൂപ്പര്‍ സുബ്ബരായന്‍, ദളപതി ദിനേഷ്, റോക്കി രാജേഷ്, വിക്രം ധര്‍മ, ജഗ്്വാര്‍ തങ്കം, സുപ്രീം സുന്ദര്‍, രവി വര്‍മ, ഇരട്ട സഹോദരന്‍മാരായ രാം-ലക്ഷ്മണന്‍ അങ്ങനെ മിടുമിടുക്കന്‍മാരായ പ്രതിഭാശാലികള്‍ ദക്ഷിണേന്ത്യയിലങ്ങോളമിങ്ങോളമുള്ള യുവാക്കളെ ഉജ്ജ്വലമായ ഫൈറ്റ് രംഗങ്ങളിലൂടെ ഹരം കൊള്ളിച്ചു കൊണ്ടിരിക്കുന്നു.

പുതിയ കാലത്ത് സ്റ്റണ്ട് സംവിധായകനില്ല. ആക്ഷന്‍ കോറിയോ ഗ്രാഫറും ആക്ഷന്‍ കോ ഓഡിനേറ്ററുമേയുള്ളു. സാങ്കേതിക സാഹചര്യങ്ങളും മാറി. അത്യാധുനിക സാധ്യതകള്‍ പലതും വന്നു. ഒപ്പം അപകട സാധ്യതകള്‍ കുറയുകയും ചെയ്തു. ഇത്തരം രംഗങ്ങളുടെ ഷൂട്ടിങ്ങില്‍ ദുരന്തം ഒപ്പമുണ്ടാകും. തമിഴിലെ ഏ. രാജേന്ദ്രന്‍ എന്ന ആക്ഷന്‍ മേക്കര്‍ക്ക് കല്‍പ്പറ്റയില്‍ വച്ചു നടന്ന ഒരു ഫൈറ്റിന്റെ ഷൂട്ടിങ്ങിനിടെ രാസമാലിന്യങ്ങളുള്ള ഒരു പുഴയിലേക്ക് ചാടി മുങ്ങേണ്ടി വന്നു. തിരിച്ചു കയറി വന്ന രാജേന്ദ്രന് പിന്നീടങ്ങോട്ട് നഷ്ടമായത് തലയിലെ മൊത്തം മുടിയാണ്. തകര്‍പ്പന്‍ ഇടിക്കിടയില്‍ ഒരു വാട്ടര്‍ ടാങ്കിലേക്ക് വീഴുന്നതിനിടെ അടിയിലെ കമ്പിയില്‍ ചെന്നു തറച്ച് ആഴത്തിലുണ്ടായ മുറിപ്പാട് മാഫിയ ശശിയുടെ നെറ്റിയിലിപ്പോഴും നിഴലായുണ്ട് .

2016ല്‍ കന്നഡ താരങ്ങളായ രാഘവ ഉദയിനും അനില്‍ കുമാറിനും സ്റ്റണ്ട് ഷൂട്ടിങ്ങിനിടെ ജീവന്‍ നഷ്ടമായി. ഇടിക്കാന്‍ ഡ്യൂപ്പേ വേണ്ടെന്നു നിര്‍ബന്ധമുണ്ടായിരുന്ന ജയനും നമുക്കു നഷ്ടപ്പെട്ടതോര്‍ക്കാം. ജയനെ കഴിഞ്ഞാല്‍ സകലമാന സ്റ്റണ്ട് മാസ്റര്‍മാര്‍ക്കും പ്രിയങ്കരനായ ഇടി്ക്കാരനാണ് ഇഷ്ട താരം മോഹന്‍ലാല്‍. ഏറ്റുമുട്ടല്‍ വീറുറ്റതാക്കാന്‍ മോഹന്‍ലാലിനുള്ള അര്‍പ്പണബോധത്തെക്കുറിച്ചും അതു പോലുള്ള രംഗങ്ങളില്‍ ലാലിന്റെ ബോഡി ഫ്ളക്സിബിലിറ്റിയെ കുറിച്ചും പറയാന്‍ കനല്‍ക്കണ്ണനും സ്്റ്റണ്ടു സില്‍വയ്ക്കുമൊക്കെ നൂറു നാവാണ്. മകന്‍ ആദിയാകട്ടെ സ്വയം ആക്്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്ത് അഭിനയിച്ചും രംഗത്തുണ്ട്.

എപ്പോഴും മരണം കൂടെയുള്ള ഈ ഏര്‍പ്പാടില്‍ ചെറിയ മുട്ടും പൊട്ടും ചതവുമൊക്കെയായിട്ടെങ്കിലും സ്റ്റണ്ട് സീനുകള്‍ക്കു പായ്ക്കപ്പു പറഞ്ഞു കേള്‍ക്കുമ്പോള്‍ ആദ്യം ശ്വാസം വീഴുന്നത് നിര്‍മാതാവിനായിരിക്കും.  എന്നാല്‍ ഏതൊരു പ്രൊഡ്യൂസര്‍ക്കും ആപദ്ഛങ്കയില്ലാതെ ആക്ഷന്‍ സീനുകള്‍ എടുക്കുന്നതു കണ്ടു നില്‍ക്കാന്‍ ഇട നല്‍കുന്ന ഒരു ആക്ഷ്ന്‍ കോറിയോഗ്രാഫറുണ്ടിപ്പോള്‍. ഇന്ത്യയിലെ തന്നെ കിടയറ്റ സ്റ്റണ്ട് മാസ്റ്ററായി മാറിയിരിക്കുന്ന പീറ്റര്‍ ഹെയ്ന്‍!

പീറ്റര്‍ ഹെയ്ന്‍- സൗത്ത് ഇന്ത്യയിലെ ബാഹുബലി!

സ്റ്റണ്ട് മാസ്റ്ററായി തുടക്കം. ‘മുരാരി” മുതല്‍ ഫൈറ്റ് മാസ്റ്റര്‍. മഗധീര, റോബോ, അന്യന്‍, ശിവജി, ഗജിനി, യന്തിരന്‍, രാവണന്‍, ബാഹുബലി, പുലിമുരുകന്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഒടിയന്‍ തുടങ്ങി ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷുച്ചിത്രമായ മധുരരാജ വരെയുള്ള വന്‍ ബജറ്റു പ്രോജക്റ്റുകളുടെ സ്റ്റണ്ട് കോറിയോഗ്രാഫര്‍. തമിഴ്നാടിലെ കാരയ്ക്കലില്‍ ജനനം. അഛന്‍ പെരുമാള്‍ തമിഴ് നാടുകാരന്‍. അമ്മ വിയ്റ്റ്നാം കാരിയും. പെരുമാള്‍ ഫൈറ്റ് മാസ്റ്ററായിരുന്നു. ആ പാരമ്പര്യത്തെ ആധുനിക തന്ത്രങ്ങളിലൂടെ ഊതിക്കാച്ചിയ ഉരുക്കാക്കി മാറ്റി ഗുരുവായ കനല്‍ക്കണ്ണന്‍. തുടക്കത്തില്‍ രംഭ, മീന, റോജ, വിജയശാന്തി തുടങ്ങിയ നായികമാര്‍ക്ക് സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പായിട്ടുണ്ട് പീറ്റര്‍ ഹെയ്ന്‍.

സാങ്കേതികമായി ഇന്നുള്ള ഏതൊരു ഫൈറ്റ് കോറിയോഗ്രാഫറേക്കാളും ഏറെ മുന്നിലാണ് പീറ്റര്‍ വെയ്ന്‍ എന്നു സിനിമാവൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നു. നൂതനമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നതിലും അവ സിനിമയുടെ മൊത്തം മൂഡിനു ചേരുന്ന വിധത്തിലും പരമാവധി സ്വാഭാവികമായും സംവിധാനം ചെയ്യുന്നതിലും പീറ്റര്‍ ഹെയ്ന് പ്രത്യേക വിരുതുണ്ട്. വിയറ്റ്നാം ആയോധനകലയുടെ അടിസ്ഥാന രീതികള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഹെയ്ന്‍ ശൈലി ഇതിനകം തന്നെ ‘ബാഹുബലി’, ‘പുലിമുരുകന്‍’ ‘ഒടിയന്‍’ എന്നീ ഹിറ്റുകളിലും വെളിപ്പെട്ടിരുന്നു. ഏറ്റുമുട്ടലുകളില്‍ അഭിനേതാക്കള്‍ക്കു പരിക്കോ മുറിവോ ഏല്‍ക്കാനും ചിലപ്പോള്‍ ജീവാപായം തന്നെ സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അത് ഒഴിവാക്കാനുള്ള ഏറ്റവും പുതിയ ‘ടിപ്സ് ആന്റ് ട്രിക്സ്’ അറിയുന്നയാളാ്ണ് ഹെയ്ന്‍. ഷോട്ടു തുടങ്ങുന്നതിനു മുമ്പു തന്നെ അദ്ദേഹം നടന്‍മാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള ചില എളുപ്പ വഴികള്‍ പറഞ്ഞു കൊടുക്കും.

”ഈ രീതിയില്‍- ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അപകടമൊന്നും വരില്ല. എന്നാല്‍ ആക്ഷന്‍ കൂടുതല്‍ ഇഫക്ടീവ് ആകുകയും ചെയ്യും”-  ഓരോ സന്ദര്‍ഭത്തിലും ഇങ്ങനെ ഉപദേശിച്ച് നടന്‍മാര്‍ക്കും ഡ്യൂപ്കള്‍ക്കും ഫൈറ്റിനു വേണ്ട ധൈര്യവും ആത്മവിശ്വാസവും പകരുന്നു. ചെറിയ, വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ഷോട്ടാണിത് എന്നു പറഞ്ഞായിരിക്കും അദ്ദേഹം നായകനെയും വില്ലനെയും ഒക്കെ മാനസികമായി ഒരു ഫൈറ്റിന് പാകപ്പെടുത്തിയെടുക്കുക. ചെറിയ കാര്യമെന്നു തോന്നിപ്പിച്ച് അവരെ കൊണ്ട് വലിയ കാര്യം ചെയ്യിപ്പിക്കുകയും അങ്ങനെ അവരില്‍ നിന്നും അവരുടെ ഏറ്റവും മികച്ച ഫലം തന്നെ നേടിയെടുക്കുകയും ചെയ്യുകയാണ് ഹെയ്ന്റെ പതിവ്. കേടൊന്നും പറ്റില്ല എന്നൊരു വിശ്വാസം വരുമ്പോള്‍ ആക്റ്റേഴ്സിന് തികച്ചും സ്വാഭാവികമായി ആക്ഷനിലേര്‍പ്പെടാനും സാധിക്കുന്നു. സംഘട്ടന രംഗങ്ങളെ മാര്‍ഷല്‍ ആര്‍ട്ടും കൂടി ചേര്‍ത്ത് ഒരുപോലെ ഉദ്വേഗഭരിതവും ചേതോഹരവുമാക്കുന്നു എന്നതാണ് പീറ്റര്‍ ഹെയ്ന്‍ന്റെ സവിശേഷത.

വലിയ സിനിമകള്‍ പലതിന്റെയും ആക്ഷന്‍ കോറിയോഗ്രഫി ചെയ്തുള്ള പരിചയവും അനുഭവ സമ്പത്തും കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ നേടിക്കഴിഞ്ഞത് ‘മധുരരാജ’യിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കാന്‍ അദ്ദേഹത്തിനു തുണയായി. മധുരരാജയിലെ സ്റ്റണ്ട് രംഗങ്ങള്‍ തനിക്ക് തീര്‍ത്തും നല്ല അനുഭവമായിരുന്നു എന്നു മമ്മൂട്ടി തന്നെ സൗത്ത് ലൈവിലെ ‘സ്റ്റാര്‍ ടോക്കി’ല്‍ പറഞ്ഞിരുന്നു. പീറ്റര്‍ ഹെയ്ന്‍ന്റെ ടിപ്സ് ആന്റ് ട്രിക്സ് ഏറെ പ്രയോജനപ്പെട്ടു എന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. ഫൈറ്റ് ഷൂട്ടിങ്ങ് സമയത്ത് പിറ്റര്‍ ഹെയ്ന്‍ വളരെ ശാന്തനായിരിക്കും. അതുകൊണ്ടു കൂടി നടന്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള അഭിനയവും സാധ്യമാകുന്നു. സ്റ്റണ്ട് രംഗങ്ങള്‍ പരമാവധി പൂര്‍ണ്ണതയോടെ ചിത്രീകരിക്കാനായി വേണ്ടത്ര സമയം എടുക്കുന്ന പതിവുണ്ട്. മധുരരാജയിലെ ക്ളൈമാക്സിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ പതിനഞ്ചു ദിവസത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്. ഒട്ടാകെ അമ്പത് അറുപത് ദിവസങ്ങള്‍ കൊണ്ട് മധുരരാജയിലെ എല്ലാ ഫൈറ്റ് സീനുകളും ഹെയ്ന്‍ ചിത്രീകരിച്ചു.
ഈ വരുന്ന ഏപ്രില്‍ 12 മുതല്‍ കേരളത്തിനകത്തും പുറത്തുമുള്ള തീയറററുകളില്‍ എത്തുന്ന ‘മധുരരാജ’ യ്ക്കു വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ഫൈറ്റ് സീനുകള്‍ ആയോധന കലയുടെയും കരുത്തിന്റെയും ശക്തിസൗന്ദര്യങ്ങള്‍ കാണിച്ചു തരുമെന്നു കരുതാം.