ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, നിരാശ തോന്നുന്നു..; പ്രസ്മീറ്റിനിടെ ഇറക്കിവിട്ടതിനെ കുറിച്ച് സിദ്ധാര്‍ഥ്

നടന്‍ സിദ്ധാര്‍ഥിന്റെ പ്രസ് മീറ്റ് കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രതിഷേധവുമായി എത്തിയ സംഘം തടഞ്ഞത് വിവാദമായിരുന്നു. പുതിയ ചിത്രമായ ‘ചിക്കു’വിന് വേണ്ടി നടത്തിയ പ്രസ് മീറ്റ് ആണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ സിദ്ധാര്‍ഥ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് വേദിയില്‍ നിന്നും പോവുകയായിരുന്നു.

തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെ കുറിച്ച് പ്രതികരണവുമായി വന്നിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍. കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ടെന്നും നടന്ന സംഭവങ്ങളില്‍ നിരാശയുണ്ടെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.

”ഈ സിനിമ തിയേറ്റര്‍ റിലീസിന് മുന്നോടിയായി പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ചെന്നൈയിലും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ബെംഗളൂരുവിലും അങ്ങനെ ചെയ്യാനായിരുന്നു തീരുമാനം. റിലീസിന് മുന്നോടിയായി ഏകദേശം 2000 വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രം കാണിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.”

”ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. കന്നഡയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ എല്ലാം റദ്ദായി. ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, പക്ഷേ അതിനപ്പുറം, അവിടെയുള്ള ആളുകളുമായി ഒരു നല്ല സിനിമ പങ്കിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് നിരാശാജനകമാണ്.”

”വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തര്‍ സിനിമ കാണേണ്ടതായിരുന്നു. പക്ഷേ അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടു. അതിനെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി ഒന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”

”എന്റെ സിനിമയും കാവേരി പ്രശ്നവും യാതൊരു ബന്ധവുമില്ല. ഞാന്‍ പണം മുടക്കി നിര്‍മിക്കുന്ന സിനിമകളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. അതേസമയം, പ്രകാശ് രാജ്, ശിവ രാജ്കുമാര്‍ എന്നിവര്‍ കന്നഡിഗരുടെ പേരില്‍ താരത്തോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.