ഒരു ബ്രേക്കപ്പ് കഴിഞ്ഞ് സിഗ്മ അടിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍, പ്രണയം ആദ്യം പറഞ്ഞത് മേഘ: സല്‍മാനുല്‍

അടുത്തിടെയാണ് മിഴി രണ്ടിലും സീരിയല്‍ താരങ്ങളായ നടന്‍ സല്‍മാനുലും നടി മേഘയും വിവാഹിതരായത്. തങ്ങള്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്ത വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മേഘയും സല്‍മാനുലും ഇപ്പോള്‍. താനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്നാണ് മേഘ പറയുന്നത്. എന്നാല്‍ താനൊരു ബ്രേക്കപ്പ് കഴിഞ്ഞ് സിഗ്മ അടിച്ച് നില്‍ക്കുകയായിരുന്നു എന്നാണ് സല്‍മാനുല്‍ പറയുന്നത്.

”ഞാന്‍ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്റെ ബര്‍ത്ത് ഡേയുടെ അന്നാണ് പ്രെപ്പോസ് ചെയ്യുന്നത്. പക്ഷെ പുള്ളിക്കാരന്‍ എന്നെ റിജക്ട് ചെയ്തു. ഞാന്‍ കരുതിയിരുന്നത് എളുപ്പമായിരിക്കും എന്നാണ്. സിനിമയില്‍ കാണുന്നതു പോലൊക്കെ തയ്യാറെടുത്ത് പറയാമെന്ന് കരുതി. പക്ഷെ അവിടെ എത്തിയതും വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല. ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും ഷോട്ടിന് വിളിക്കും. വീണ്ടും വരും റീസ്റ്റാര്‍ട്ട് ചെയ്യും. വീണ്ടും ഷോട്ടിന് വിളിക്കും. അങ്ങനെ രണ്ട് മൂന്ന് തവണ ബ്രേക്ക് ആയ ശേഷം ഞാന്‍ പറഞ്ഞു. ബ്ലഷ് അടിച്ചുവെങ്കിലും റിജക്ട് ചെയ്തു” എന്നാണ് മേഘ പറയുന്നത്.

”മിഴി രണ്ടിലും സെറ്റില്‍ ആദ്യം സുഹൃത്തുക്കളാകുന്നത് ഞങ്ങളാണ്. എല്ലാ കാര്യങ്ങളും പങ്കുവെക്കും. എന്റെ കുടുംബം ദുബായിലാണ്. അതിന്റെ വിശേഷങ്ങളൊക്കെ മേഘ ചോദിക്കുമായിരുന്നു. അവളുടെ കാര്യങ്ങള്‍ ചോദിക്കും. ആ സമയത്ത് പഠിക്കുകയായിരുന്നു. ഞാന്‍ കുറച്ച് ഉപദേശിക്കുകയൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ വെറുതെ തോന്നുന്നതാകും, സീരിയസ് ആയിരിക്കില്ല, നീ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ എന്നൊക്കെ പറഞ്ഞു.”

”ഒരു ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനാല്‍ ലവ് ലൈഫ് വേണ്ടെന്ന് കരുതി നില്‍ക്കുകയായിരുന്നു. സിഗ്മ അടിച്ച് നടക്കുകയായിരുന്നു. പ്രൊപ്പോസ് ചെയ്തപ്പോള്‍ റിജക്ട് ചെയ്യാന്‍ രണ്ട് കാര്യമുണ്ട്. ഒന്ന് ഞാന്‍ പ്രണയം വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാലാണ്. രണ്ടാമത്തേത് പ്രായത്തിന്റേതായ ആകര്‍ഷണം തോന്നല്‍ മാത്രമാകാം എന്നതായിരുന്നു.”

”സീരിയസ് ആണെന്ന് കണ്ടപ്പോള്‍ പഠിത്തം പൂര്‍ത്തിയാക്കാനും, എന്നെ കാണാതിരിക്കുമ്പോള്‍ ഇഷ്ടം ഉണ്ടെങ്കില്‍ ആലോചിക്കാം. പക്ഷെ ഒരു വര്‍ഷം കൊണ്ട് കുറയുമെന്നും പറഞ്ഞിരുന്നു. പഠിത്തം നിനക്കുള്ള ധൈര്യമായിരിക്കുമെന്നും പറഞ്ഞു. സ്വതന്ത്ര്യയായ ശേഷം തീരുമാനിക്കാന്‍ പറഞ്ഞു. അപ്പോഴും തോന്നുന്നുവെങ്കില്‍ വരാന്‍ പറഞ്ഞു. മേഘയുടെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ താന്‍ കൂടെ നിന്നിരുന്നു. അതുകൊണ്ട് കൂടി തോന്നിയ സ്നേഹം മാത്രമാണോ എന്നും ചിന്തിച്ചിരുന്നു.”

”ഇതിനിടെ ഡേറ്റ് ക്ലാഷ് കാരണം മിഴി രണ്ടിലും പരമ്പരയില്‍ നിന്നും പിന്മാറേണ്ടി വന്നു. അന്ന് എനിക്ക് വേണ്ടി സംസാരിച്ചത് മേഘയാണ്. വളരെ സങ്കടപ്പെട്ടാണ് മിഴിരണ്ടിലും വിടുന്നത്. വളരെ ആസ്വദിച്ച് ചെയ്ത സീരിയലാണ്. ഇന്നും ആളുകള്‍ എന്നെ വിളിക്കുന്നത് സഞ്ജു എന്നതാണ്. ആ പ്രോജക്ട് പോയപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. പക്ഷെ അതിന് ശേഷവും മേഘ കോണ്ടാക്ട് തുടര്‍ന്നു. കുറയുമായിരിക്കും എന്നാണ് കരുതിയത് പക്ഷെ കുറഞ്ഞില്ല. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പാണ് ഔദ്യോഗികമായി ഇഷ്ടമാണെന്ന് പറയുന്നത്” എന്നാല്‍ സല്‍മാനുല്‍ പറയുന്നത്.