ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്റെ യുദ്ധകപ്പല്‍ ഐറിസ് ദേനയെ കാത്തുകിടത്തി ശ്രീലങ്ക യുഎസ് വേട്ടയ്ക്ക് അവസരമുണ്ടാക്കി കൊടുത്തെന്ന ആരോപണം ശക്തം. ഇന്ത്യന്‍ നാവിക സേനയുടെ അതിഥിയായെത്തിയ ഇറാനിയിന്‍ കപ്പലിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതികരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് ശ്രീലങ്കയിലും വലിയ ആരോപണങ്ങള്‍ ഉയരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് അന്തര്‍വാഹിനിയുടെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കയുടെ അനുമതി കാത്തു കടലില്‍ കിടന്നത് 11 മണിക്കൂറാണെന്നാണ് പുറത്തുവരുന്ന വിവരം.
ആക്രമണമുണ്ടായി ദിവസങ്ങള്‍ക്കു ശേഷമാണ് ഐറിസ് ദേനെയെ ലങ്കന്‍ സമുദ്രാതിര്‍ത്തി കടക്കാനുള്ള അനുമതിയ്ക്കായി 11 മണിക്കൂര്‍ കാത്തുകിടത്തിയെന്ന വിവരം പുറത്തുവരുന്നത്. ശ്രീലങ്കന്‍ പ്രതിപക്ഷ എംപിയായ മുജീബുര്‍ റഹ്‌മാനാണ് ഈ വിവരം പുറത്തുവിട്ടത്. ലങ്കന്‍ പാര്‍ലമെന്റില്‍ ചോദ്യവേളയിലാണ് പ്രതിപക്ഷ എംപി ദേന മണിക്കൂറുകളോളം കടല്‍ത്തീരത്ത് കാത്തുകിടക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചത്.
സംഘര്‍ഷ സാഹചര്യം കാരണം തിരികെ ഇറാനിലേക്ക് മടങ്ങിയാല്‍ ആക്രമിക്കപ്പെടുമെന്ന സംശയം ദേനയിലെ നാവികര്‍ക്കുണ്ടായിരുന്നുവെന്നും ഇതിനാലാണ് സര്‍ക്കാരിന്റെ അനുമതിക്കായി ഗാലെ തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ നങ്കൂരമിട്ടതെന്നും പറയപ്പെടുന്നു. തുടര്‍ന്ന് കപ്പല്‍ അടുപ്പിക്കാന്‍ അനുമതി തേടിയെങ്കിലും 11 മണിക്കൂര്‍ കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ല.
ഒടുവില്‍ യുഎസ് അന്തര്‍വാഹിനി കപ്പലിനെ വേട്ടയാടി വീഴ്ത്തി. ആക്രമണത്തില്‍ 87 ഇറാനിയന്‍ നാവികരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ലങ്കന്‍ നേവി രക്ഷപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയുടെ അതിഥിയായിട്ടാണ് ദേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തിയത്. വിശാഖപട്ടണത്ത് നിന്നുമാണ് തിരികെ ഇറാന്‍ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്.
Read more
ദേനയിലെ നാവികരെ രക്ഷിക്കാന്‍ ഇന്ത്യ ശ്രമിച്ചില്ലെന്ന് പ്രതിപക്ഷാരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നേവിയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തിയ ഐറിസ് ദേന കപ്പലും നാവികരും നിരായുധരായിരുന്നുവെന്നാണ് ഇറാന്റെ വാദം.







