രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരുന്ന തിരിച്ചു വരവായിരുന്നു ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. ഇന്നലെ നടന്ന ഫിഫ ലോകകപ്പിൽ ഉസ്‌ബെകിസ്താനെ എതിരില്ലാത്ത അഞ്ചുഗോളിനായിരുന്നു യൂറോപ്യന്‍ വമ്പന്മാര്‍ ഏഷ്യന്‍ സംഘത്തെ കീഴടക്കിയത്. ഇതോടെ രണ്ടുമത്സരത്തിലും തോറ്റ ഉസ്‌ബെകിസ്താന്‍ പുറത്തായി. പോര്‍ച്ചുഗല്‍ നോക്കൗട്ട് സാധ്യത സജീവമാക്കി.

6, 39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. നുനോ മെന്‍ഡിസ് (17), റാഫേല്‍ ലിയാവോ (87) എന്നിവരും ഗോള്‍നേടി. ഉസ്‌ബെകിസ്താന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിന്റെ സ്‌കോറുയര്‍ത്തി. ആദ്യമത്സരത്തില്‍ നിറംമങ്ങിയ റൊണാള്‍ഡോ കളംനിറഞ്ഞ മത്സരമായിരുന്നു ഉസ്‌ബെകിസ്താനെതിരെ.

Read more

കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തിയ റൊണാള്‍ഡോ തിരിച്ചുവരവ് അടയാളപ്പെടുത്തിയാണ് കളംവിട്ടത്. ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആറുലോകകപ്പില്‍ തുടര്‍ച്ചയായി ഗോളടിച്ച താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. 2006 ലോകകപ്പില്‍ തുടങ്ങിയ ഗോള്‍വേട്ടയാണ് 2026ലും തുടര്‍ന്നത്. ഇനി കൊളംബിയക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത കളി. ഞായാറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മത്സരം.