പൊങ്കാലയ്ക്ക് ശേഷം മാലിന്യം കുന്നുകൂടി കുന്നുകൂടി കിടക്കുന്നു, അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി; കാര്യങ്ങള്‍ ഭംഗിയായി നടന്നെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്ന് മേയര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചെന്നതില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വി ശിവന്‍കുട്ടി. ചിലയാളുകള്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടുവെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് എല്ലാ ജോലിയും ചെയ്യാന്‍ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തില്‍ തര്‍ക്കത്തിന് വരേണ്ടെന്നും ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള സിപിഎം- ബിജെപി മാലിന്യ തര്‍ക്കത്തില്‍ മന്ത്രി പ്രതികരിച്ചു.

ഏതെല്ലാം കാര്യങ്ങളില്‍ ഇടപെടണമെന്ന് സര്‍ക്കാരിന് ബോധ്യം ഉണ്ടെന്നും പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. പൊങ്കാല കഴിഞ്ഞിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതര്‍ക്കം രൂക്ഷമാവുകയാണ് തിരുവനന്തപുരത്ത്.

മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി ബിജെപി മേയര്‍ വിവി രാജേഷ് രംഗത്തെത്തുകയും ചെയ്തു. കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്നും സമ്മര്‍ദ്ദം മൂലമാണ് മന്ത്രി ഇപ്പോള്‍ നിലപാട് മാറ്റി പറയുന്നതെന്നും ബിജെപി മേയര്‍ പറഞ്ഞു. 45 വര്‍ഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ ഭംഗിയായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് പറഞ്ഞു.

നഗരത്തിലെ മാലിന്യ നീക്കം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആറ്റുകാല്‍ കൗണ്‍സിലര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നും മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ഇറങ്ങി വൃത്തിയാക്കുമെന്നാണ് വെല്ലുവിളി. എന്നാല്‍ സിപിഎം രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോര്‍പ്പറേഷന്റെ ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയയിലടക്കം പൊങ്കാല നടത്തിപ്പിലുണ്ടായ അലംഭാവത്തില്‍ വ്യാപകമായ പരാതി ഉയര്‍ന്നുവെന്നത് ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷന് മറച്ചുപിടിക്കാനാവുന്നതല്ല.