അങ്കമാലിയില്‍ വിദ്യാര്‍ഥിനിയായ ജസ്‌ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് അറസ്റ്റില്‍. വാഗമണ്ണിലെ റിസോര്‍ട്ടില്‍നിന്നാണ് ഡോ. സിറിയക്കിനെ പൊലീസ് പിടികൂടിയത്. അപകടം നടന്ന് ഏഴാം ദിവസമാണ് സിറിയക് പിടിയിലാവുന്നത്. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവര്‍ ലോക്കേഷന്‍ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. റിസോര്‍ട്ടില്‍നിന്നും കസ്റ്റഡിയിലെടുത്ത സിറിയക്കിനെ ഉടന്‍ അങ്കമാലി പൊലീസിനു കൈമാറും.
ഡോക്ടര്‍ സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ ഡോ. സിറിയക്കിന്റെ പിതാവ് ജോര്‍ജ് മാത്യുവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അങ്കമാലി പൊലീസ്് ജോര്‍ജ് മാത്യുവിനെ അറസ്റ്റ അറസ്റ്റ് ചെയ്തത്. അപകടം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രതിയെ പിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
Read more
ഫെബ്രുവരി 28ന് അങ്കമാലി ടെല്‍ക്ക് ജംക്ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിന്‍ എടവനക്കാടുള്ള ജസ്‌ലിയ ജോണ്‍സണ്‍ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാര്‍ ഹോംസയന്‍സ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു. പാര്‍ട്‌ടൈം ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്കു നടന്നു പോവുകയായിരുന്ന ജസ്‌ലിയയെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ജസ്‌ലിയ ഈ മാസം മൂന്നിന് മരണത്തിനു കീഴടങ്ങി. ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു.







