ഭാര്‍ഗവി എന്ന പ്രേതത്തിന്റെ റോളില്‍ എത്തും, ഒരു ബഷീര്‍ കഥാപാത്രമാകുന്നത് തന്നെ വലിയ കാര്യമാണ്: റിമ കല്ലിങ്കല്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ ആസ്പദമാക്കി സിനിമ ഒരുക്കുന്നുവെന്ന് ആഷിഖ് അബു പ്രഖ്യാപിച്ചത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. നീലവെളിച്ചത്തില്‍ ഭാര്‍ഗവി എന്ന പ്രേത കഥാപാത്രമാവാനുള്ള തയാറെടുപ്പുകളെ കുറിച്ചാണ് റിമ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താന്‍ ഭാര്‍ഗവിയെയാണ് അവതരിപ്പിക്കുന്നത്.

പ്രേതത്തിന്റെ റോള്‍. ബഷീറിന്റെ സൃഷ്ടികളില്‍ ഒന്നിനെ അവതരിപ്പിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലി ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മിച്ച ഒരു സൃഷ്ടിയെ തങ്ങള്‍ വ്യാഖ്യാനിക്കുകയാണ് എന്നത് കൂടുതല്‍ ഊര്‍ജം നല്‍കുന്നുണ്ട് എന്ന് റിമ പറയുന്നു.

പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് റിമക്കൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. 1964ല്‍ പുറത്തുവന്ന ഭാര്‍ഗവീ നിലയത്തില്‍ പ്രേംനസീര്‍, മധു, വിജയനിര്‍മ്മല എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായത്.

പ്രേതബാധയ്ക്കു കുപ്രസിദ്ധിയാര്‍ജിച്ച വീട്ടില്‍ താമസിക്കാനെത്തുന്ന എഴുത്തുകാരന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. എഴുത്തുകാരനും പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.